പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന വിധവകൾ ആയ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന 356- മത് സ്നേഹഭവനം വകയാർ വത്തിക്കാൻ സിറ്റി മുട്ടത്തുകാലായിൽ വിധവയായ അമ്പിളിക്കും മൂന്നു പെൺകുഞ്ഞുങ്ങൾക്കുമായി എൽമാഷ് സി. എസ്. ഐ. ചർച്ചിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും റവ. തോമസ് പായിക്കാട് നിർവഹിച്ചു. സ്വന്തമായി വീട് ഇല്ലാതിരുന്ന അമ്പിളി ഭർത്താവിന്റെ മരണശേഷം മൂന്നാമത്തെ പെൺകുഞ്ഞിന്റെ പ്രസവത്തിനോടനുബന്ധിച്ച് കയറിക്കിടക്കാൻ ഇടമില്ലാതെ ആവുകയും ജില്ലാ കളക്ടർ ഇടപെട്ട് രണ്ടാമത്തെ പെൺകുഞ്ഞിനെ തണലിൽ ഏൽപ്പിക്കുകയും ആയിരുന്നു.
ആഹാരത്തിനും ദൈനംദിന ചിലവുകൾക്കുമായി മറ്റുള്ളവരെ ആശ്രയിച്ചിരുന്ന അമ്പിളി തന്റെ കഥ ടീച്ചറിനെ അറിയിക്കുകയും അതിന്‍ പ്രകാരം അമ്പിളിയുടെ അമ്മ അവൾക്കായി അഞ്ച് സെൻറ് സ്ഥലം എഴുതി നൽകുകയും അതിൽ എൽമാഷ് സി.എസ്.ഐ. ചർച്ചിന്റെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും, സിറ്റൗട്ടുമടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ നവനീത്, റോണി തോംസൺ, സ്മിതാ സജി, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, മായ പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഇ എസ് ഐ ചർച്ചിന്റെ സഹായത്താൽ പണിയുന്ന പത്താമത്തെ വീടാണ് അമ്പിളിക്കായി നൽകിയത്.