മനാമ : അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് രാജ്യതാല്പര്യം മാത്രം നോക്കി പ്രവർത്തിച്ച നേതാവ് ആയിരുന്നു എന്ന് ബഹ്‌റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തിയ അനുശോചന യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ വ്യക്തിപരമായി തനിക്ക് ഉണ്ടാകുന്ന പ്രാധാന്യമോ, താൻ പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് ഉണ്ടാകുന്ന നേട്ടങ്ങളോ ഒന്നും നോക്കാതെ പൂർണ്ണമായും രാജ്യത്തിന്റെയും രാജ്യത്തെ ജനങ്ങളുടെയും താല്പര്യം മാത്രം സംരക്ഷിക്കാൻ വേണ്ടി മാത്രം നിലകൊണ്ട നേതാവ് ആയിരുന്നു ഡോ. മൻമോഹൻ സിംഗ്. 1991 ൽ രാജ്യത്തിന്റെ ധനകാര്യവകുപ്പ് മന്ത്രി ആയി ചുമതല ഏൽക്കുമ്പോൾ രാജ്യത്തിന്റെ കരുതൽ സ്വർണ്ണം അടക്കം എല്ലാം വിദേശരാജ്യങ്ങളിൽ പണയം വച്ച് രാജ്യഭരണം നടന്നുവന്ന കാലഘട്ടത്തിൽ നിന്നാണ് ലോകരാജ്യങ്ങളുടെ നെറുകയിലേക്ക് ഇന്ത്യയെ ഡോ. മൻമോഹൻ സിംഗ് നയിച്ചകൊണ്ട് പോയത്.
2004 മുതൽ 2014വരെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയ വേളയിൽ ലോക രാഷ്ട്രങ്ങൾക്ക് സ്വപ്നം കാണുവാൻ പറ്റാത്ത പല പദ്ധതികളും പ്രഖ്യാപിക്കുവാനും, അത് നടപ്പിലാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മൂലം രാജ്യത്തെ ദാരിദ്ര്യരേഖക്ക് താഴെയുള്ള മുഴുവൻ കുടുംബങ്ങൾക്കും നൂറുദിവസത്തെ തൊഴിലും അതിനുള്ള വേതനം അവരുടെ അക്കൗണ്ടിൽ ഇടനിലക്കാർ ഇല്ലാതെ എത്തിക്കാൻ സാധിച്ചു. നിയമനിർമ്മാണം മൂലം ഇത് ആർക്കും നിഷേധിക്കാൻ പറ്റാത്ത കാര്യമായ ഇത് ഏറ്റവും വിപ്ലവകരമായ തീരുമാനം ആയിരുന്നു. സാക്ഷരതയിൽ പിന്നോക്കം നിൽക്കുന്ന രാജ്യത്തെ കോടികണക്കിന് ആളുകൾക്ക് ആധാർ കാർഡ് മൂലം കേന്ദ്രീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുകയും പാവപ്പെട്ട ആളുകളെ പലവിധ ചൂഷണങ്ങളിൽ നിന്ന് രക്ഷിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.
വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷ നിയമം, വിദ്യാഭ്യാസ അവകാശനിയമം, വനാവകാശ നിയമം തുടങ്ങി രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ആളുകളുടെ സംരക്ഷണം മാത്രമായിരുന്നു അദ്ദേഹത്തിൽ ഏറ്റവും മുഖ്യലക്ഷ്യം. ചന്ദ്രയാൻ പദ്ധതി, വളരെ കുറഞ്ഞ ചിലവിൽ ചൊവ്വ ദൗത്യം അടക്കം പൂർത്തിയാക്കുവാൻ അദ്ദേഹത്തിന്റെ ഗവണ്മെന്റിന്റെ കാലത്ത് സാധിച്ചു. അടിസ്ഥാന രഹിതമായ ആരോപങ്ങൾ മൂലം ഡോ. മൻമോഹൻ സിംഗ് നെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ആളുകൾക്ക് അദ്ദേഹത്തിന് എതിരെ ഒരു നടപടിയും സ്വീകരിക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല, അധികാരം ഒഴിഞ്ഞു പത്തു വർഷം കഴിഞ്ഞിട്ട് ഇപ്പോൾ അദ്ദേഹത്തിന്റെ വില രാജ്യം അറിയുന്നത് എന്നും ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുശോചന യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, പ്രമുഖ മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ബഹ്‌റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ ,ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, എൻ എസ് എസ് പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ബിജു ജോർജ്, ഐ സി ആർ എഫ് അംഗം ചെമ്പൻ ജലാൽ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെ സി എ മുൻ പ്രസിഡന്റ് സേവി മാത്തുണ്ണി, ബഹ്‌റൈൻ മാർതോമ്മ ചർച്ച് പ്രതിനിധി ചാൾസ്,ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രതിനിധി അനീസ് വി കെ,സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, കരിയർ ഗൈഡൻസ് ഫോറം പ്രതിനിധി കമാൽ മൊഹിയൂദീൻ, ജി എസ് എസ് കൾച്ചറൽ വിംഗ് സെക്രട്ടറി ബിനുമോൻ, പ്രിയദർശിനി പബ്ലിക്കേഷൻ കോർഡിനേറ്റർ സൈദ് എം എസ്, ഒഐസിസി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ് മേപ്പയൂർ, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്,ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളത്ത്, ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, ഒഐസിസി വൈസ് പ്രസിഡന്റ് മാരായ ജവാദ് വക്കം, സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ഗിരീഷ് കാളിയത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി നേതാക്കൾ ആയ രഞ്ചൻ കച്ചേരി, രജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്, വിനോദ് ദാനിയേൽ, ജോയ് ചുനക്കര, ജോണി താമരശേരി, സന്തോഷ് കെ നായർ, അലക്സ് മഠത്തിൽ, മോഹൻ കുമാർ നൂറനാട്, റംഷാദ് അയിലക്കാട്, ജലീൽ മുല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി, ചന്ദ്രൻ വളയം, മുനീർ യൂ വി, ഷാജി പൊഴിയൂർ, ബൈജു ചെന്നിത്തല, ഷിബു ബഷീർ, വില്യം ജോൺ, രഞ്ജിത്ത് പടിക്കൽ എന്നിവർ നേതൃത്വം നൽകി.