ആലപ്പുഴ : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ
ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും അന്താരാഷ്ട്ര ഖ്യാതി നേടിയ സചിത്രപ്രഭാഷകനുമായ ഡോ. ജിതേഷ്ജി ‘ശാസ്ത്രദർശൻ വരയരങ്ങ്’ അവതരിപ്പിക്കും. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ നവംബർ 16ന് ഉച്ചയ്ക്ക് 2 മണി മുതൽ 2:45 വരെയാണ് ജിതേഷ്ജി പ്രോഗ്രാം അവതരിപ്പിക്കുന്നത്. ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച മഹാന്മാരായ ശാസ്ത്രപ്രതിഭകളെ വേഗവരയിലൂടെയും സചിത്രപ്രഭാഷണരൂപത്തിലും അവതരിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകർക്ക് പതിനായിരക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ ലഭിക്കുന്ന ‘സചിത്ര പ്രശ്നോത്തരിയും’ ഉൾപ്പെടുത്തിയ വിനോദ – വിജ്ഞാന ഗെയിം ഷോ മാതൃകയിലാണ് ‘ശാസ്ത്രദർശൻ വരയരങ്ങ് ജിതേഷ്ജി ആവിഷ്കരിച്ചിരിക്കുന്നത്.
വിവിധ മേഖലകളിലെ മൂവായിരത്തിലേറെ പ്രശസ്ത വ്യക്തികളെ അതിവേഗം ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന സൂപ്പർ മെമ്മറൈസർ ചിത്രകാരൻ കൂടിയാണ് ജിതേഷ്‌ജി. ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറയുകയും 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുയെയും പ്രത്യേകതകൾ ഓർമ്മയിൽ നിന്ന് ChatGpt യെയും AI യെയും വെല്ലുന്ന വേഗത്തിൽ പറയുകയും ചെയ്യുന്ന ഡോ. ജിതേഷ്ജി ‘History Man of India ‘ എന്ന വിശേഷണത്തിന് ഉടമയാണ്. ഇതിനോടകം ഇരുപതിലേറെ ലോകരാജ്യങ്ങൾ സന്ദർശിച്ച് ഇംഗ്ലീഷിൽ സചിത്രപ്രഭാഷണവും സ്റ്റേജ് ഷോയും അവതരിപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞയാഴ്ച്ച ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥിയായി പങ്കെടുത്ത് ‘ചരിത്രവിജ്ഞാന പ്രഭാഷണം’ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര സ്വദേശിയാണ്.