തിരുവനന്തപുരം: കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി കെസിബിസി. ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നയം വ്യക്തമാക്കണമെന്നും ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുന്നതാണ് കക്കുകളി നാടകമെന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും അതാത് ജില്ലകളില്‍ ഈ നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് നിവേദനം നേരത്തേ തന്നെ നല്‍കിയിട്ടുള്ളത് തമസ്‌ക്കരിച്ചു കൊണ്ടാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.