ചിറയിന്‍കീഴ്: മുതലപ്പൊഴി അഴിമുഖത്തെ മണല്‍നീക്കം വേഗത്തിലാക്കാന്‍ കണ്ണൂര്‍ അഴീക്കലില്‍ നിന്നുള്ള മാരിടൈംബോര്‍ഡിന്റെ വലിയ ഡ്രെഡ്ജർ വെള്ളിയാഴ്ച രാവിലെ മുതലപ്പൊഴിയിലെത്തിച്ചു. അഴീക്കലില്‍നിന്ന് തിങ്കളാഴ്ച യാത്രതിരിച്ച ഡ്രെഡ്ജർ നാലുദിവസത്തെ കടല്‍ യാത്രയ്ക്കുശേഷമാണ് മുതലപ്പൊഴിയിലെത്തിയത്. ഈ ഡ്രെഡ്ജർ ഉപയോഗിച്ചുള്ള മണല്‍നീക്കം ഏറ്റവും വേഗത്തില്‍ത്തന്നെ ആരംഭിക്കുന്നതിന് പൊഴിമുഖം വെള്ളിയാഴ്ച പൂര്‍ണമായും മുറിക്കും. എങ്കില്‍ മാത്രമെ ഡ്രെഡ്ജറിന് തുറമുഖ ചാനലില്‍ പ്രവേശിച്ച് മണല്‍നീക്കം ആരംഭിയ്ക്കാന്‍ കഴിയൂ. ഏറ്റവും വേഗത്തില്‍ മണല്‍നീക്കം സാധ്യമാക്കുക എന്നതാണ് മത്സ്യത്തൊഴിലാളികളുടേയും ആവശ്യം.
കണ്ണൂരിൽനിന്നുള്ള ഡ്രെഡ്ജർ മുതലപ്പൊഴിയിലെത്തിയതോടെ ഒരുമാസക്കാലത്തെ മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആശങ്കയും ഇക്കാര്യത്തിലുള്ള ഗവണ്‍മെന്റിന്റെ തലവേദനയും മാറുമെന്നാണ് പ്രതീക്ഷ. ഡ്രെഡ്ജറിന് പ്രവേശിക്കാൻ പാകത്തില്‍ അഴിമുഖത്തിന് മധ്യഭാഗത്തുകൂടി 13 മീറ്റര്‍ വീതിയിലും മൂന്നുമീറ്റര്‍ ആഴത്തിലുമാണ് ഇപ്പോള്‍ ചാലുകീറിയിരിക്കുന്നത്.വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ പൊഴിമുറിച്ച് കടലുമായി ബന്ധിക്കും. വേലിയേറ്റ, വേലിയിറക്ക സമയം നോക്കി വൈദഗ്ധ്യത്തോടെ വേണം പൊഴി മുറിച്ചുവിടാന്‍. ഇതിന് മത്സ്യത്തൊഴിലാളികളുടെ സഹായം തേടും. കൂടാതെ പൊഴിമുഖത്തുനിന്ന് നീക്കം ചെയ്ത മണ്ണ് പുലിമുട്ടുകൾക്കരികെനിന്ന് നീക്കും. രണ്ട് മണ്ണുമാന്തിയും രണ്ട് ടിപ്പറും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.