കവിയൂർ : പഞ്ചായത്തിലെ 14-ാം വാർഡിൽ കോട്ടൂർ കുരുതികാമൻകാവ് കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. ഇവിടെ കിണറും മോട്ടോറും സ്ഥാപിക്കുന്നതിനുവേണ്ട സ്ഥലം ലഭ്യമായത് കോളനിനിവാസികൾക്ക് ആശ്വാസമായി. 40 കുടുംബങ്ങളാണ് കോളനിയിലുള്ളത്. സർക്കാർ സൗജന്യമായി നൽകിയ മൂന്നുസെന്റ് സ്ഥലത്താണ് ഇവരുടെ വീടുകൾ. അതിനാൽ കിണറുകൾ കുഴിച്ച് കുടിവെള്ളം കണ്ടെത്താനുള്ള ഇടമില്ലായിരുന്നു. പൈപ്പു കണക്‌ഷനുണ്ടെങ്കിലും മിക്കപ്പോഴും ഇവർക്ക് വെള്ളം കിട്ടാറുമില്ല. ഇത്തരമൊരു അവസ്ഥയിലാണ് പഞ്ചായത്ത് മിനി കുടിവെള്ള പദ്ധതി അനുവദിച്ചു നൽകിയത്.
ഇതിനുവേണ്ടുന്ന വസ്തു ചങ്ങനാശ്ശേരി പെരുന്ന കിഴക്ക് കുടകുത്തിയിൽ കെ.ബി.സി.ഗാർഡൻ വീട്ടിൽ ലൂക്കോസ് കുടകുത്തിയിൽ, ചാക്കോ മിനി എന്നിവർ സൗജന്യമായി നൽകാൻ സന്നദ്ധരായി. ഇതോടെ കോളനി നിവാസികളുടെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ വഴിതെളിഞ്ഞു. സെൻട്രൽ ഫിനാൻസ് കമ്മിഷൻ ഗ്രാൻഡിൽനിന്ന് പഞ്ചായത്ത് മൂന്നരലക്ഷം രൂപ പദ്ധതിക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ വസ്തുവിൽ ഒന്നര സെന്റ് പഞ്ചായത്തിന് കൈമാറികൊണ്ടുള്ള രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. വസ്തു ഉടമയിൽനിന്ന് ആധാരം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, പഞ്ചായത്ത് സെക്രട്ടറി സാം കെ.സലാം, വാർഡ് മെമ്പർ എം.വി.തോമസ് എന്നിവർചേർന്ന് ഏറ്റുവാങ്ങി.