റാന്നി: റാന്നിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തുകൾക്ക് അനുമതി നൽകുവാൻ ജില്ലാ കളക്ടറോട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. റാന്നിയിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി യോഗം വിളിച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെ പൈപ്പിട്ട് ജലക്ഷാമം പരിഹരിക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് അവിടങ്ങളിൽ അടിയന്തിരമായി കുടിവെള്ളം ടാങ്കറുകളിൽ എത്തിക്കുന്നതിന് ഫണ്ട് ചിലവഴിക്കുന്നതിന് പഞ്ചായത്തുകൾക്ക് അനുമതി നൽകുന്നതിന് കളക്ടറോട് ആവശ്യപ്പെട്ടത്.
കുടിവെള്ളം പമ്പിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ച് സുഖമാക്കുവാൻ എംഎൽഎ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കരുതൽ മോട്ടോറുകൾ അറ്റപ്പണി ചെയ്ത് ഉപയോഗയോഗ്യമാക്കി വയ്ക്കണം. നിലവിലെ മോട്ടോറിന് തകരാർ സംഭവിച്ചാൽ പകരം ഇത് ഉപയോഗിക്കുക വഴി ജലവിതരണം മുടങ്ങാതിരിക്കാൻ കഴിയും.
എല്ലാ പ്രദേശങ്ങളിലും കൃത്യമായി വെള്ളം എത്തിക്കുന്നതിന് വാൽവ് ഓപ്പറേറ്റർമാരുടെ പ്രവർത്തനം സജീവമാക്കണം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷക്കണം. കൃത്യമായി ടൈംടേബിൾ വെച്ച് വാൽവ് വിവിധ ഭാഗങ്ങളിലേക്ക് തുറന്നുവിട്ട് എല്ലാ പ്രദേശങ്ങളിലും ജലലഭ്യത ഉറപ്പാക്കണം.
പൈപ്പുകളുടെ കുടിവെള്ളം എത്താത്ത ഭാഗങ്ങളിൽ പഞ്ചായത്ത് നേതൃത്വത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് പഞ്ചായത്തുകൾക്കും നിർദ്ദേശം നൽകി. ജി ഐ പൈപ്പുകളുടെ ക്ഷാമമാണ് ഉയർന്ന ഭാഗങ്ങളിൽ ജലവിതരണ പൈപ്പുകൾ ഇടുന്നതിന് തടസ്സമായി ഉദ്യോഗസ്ഥർ പറയുന്നത്. ഇത് പരിഹരിക്കുന്നതിന് ജി ഐ പൈപ്പുകൾ അടിയന്തിരമായി എത്തിച്ചു നൽകണമെന്ന് വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർക്കും നിർദ്ദേശം നൽകി. ഭൂഗർഭ ജലം ലഭ്യമായ സ്ഥലങ്ങളിൽ കുഴൽ കിണർ കുഴിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുന്നതിന് ഭൂഗർഭജല വിഭവ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.