കോന്നി: വഴിയരികില്‍ ബിരിയാണി കച്ചവടം ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ സ്വകാര്യ ബസ് ഇടിച്ച് വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോന്നി ചിറ്റൂര്‍ മുക്കില്‍ ആയിരുന്നു അപകടം നടന്നത്. കോന്നി കുളത്തിങ്കല്‍ സ്വദേശി ശാന്തിക്കാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. ബിരിയാണി കച്ചവടത്തിനായി കുളത്തിങ്കലില്‍ നിന്നും ചിറ്റൂര്‍ മുക്കില്‍ എത്തിയ ശാന്തി ഓട്ടോ കോന്നി ഭാഗത്തേക്ക് തിരിച്ചിടാന്‍ തിരിക്കുന്നതിന് ഇടയില്‍ പുറകില്‍ നിന്നും അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസ് ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തൊട്ടുമുന്നിലായി നിര്‍ത്തിയിട്ടിരുന്ന ഇളകൊള്ളൂര്‍ കുഴിപറമ്പില്‍ പ്രസാദ് കുട്ടിയുടെ ഓട്ടോയിലും ശാന്തിയുടെ ഓട്ടോ ഇടിച്ചു.
അപകടത്തെ തുടര്‍ന്ന് ഓട്ടോയുടെ മുന്‍ഭാഗം തകരുകയും ഡ്രൈവര്‍ സീറ്റിനും ഓട്ടോയുടെ മുന്‍ ഭാഗത്തിനും ഇടയില്‍ ശാന്തി കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ഓട്ടോറിക്ഷയില്‍ കുടുങ്ങിയ ശാന്തിയെ നാട്ടുകാര്‍ ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്ത് ഇറക്കിയത്. തുടര്‍ന്ന് കോന്നി അഗ്‌നി ശമന രക്ഷാ സേനയും കോന്നി പോലീസും സ്ഥലത്ത് എത്തി ശാന്തിയെ അഗ്‌നി ശമന രക്ഷാ സേനയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.