പത്തനംതിട്ട : കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ പോലീസുകാരി മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചയാള്‍ റിമാന്‍റില്‍. എറണാകുളം പെരുമ്പാവൂര്‍ കളമാലില്‍ വീട്ടില്‍ കെ. എം. വര്‍ഗീസ് (67) ആണ് അറസ്റ്റിലായത്. പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. കുളനട തണങ്ങാട്ടില്‍ സിന്‍സി പി. അസീസ്(35) ആണ് രണ്ട് മാസം മുമ്പ് മെഴുവേലി കുറിയാനിപള്ളിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സിന്‍സി സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിന്‍സിയെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണമടഞ്ഞു. അപകടത്തെ തുടര്‍ന്ന് വര്‍ഗീസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച ഇയാള്‍ ഇലവുംതിട്ട പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. വര്‍ഗീസിനെ റിമാന്റ് ചെയ്തു.