ഗാസ്സ: രണ്ട് മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ഉപരോധം മറികടന്ന് ഗാസ്സയിലേക്ക് അവശ്യ വസ്തുക്കളുമായി പുറപ്പെടാനിരുന്ന ‘ഫ്രീഡം ഫ്‌ളോട്ടില്ല’ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. വെള്ളിയാഴ്ച കപ്പൽ മാൾട്ട തീരത്ത് എത്തിയപ്പോഴാണ് ഡ്രോൺ ആക്രമണമുണ്ടായത്. 12 ജീവനക്കാരും നാല് യാത്രക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ലെന്ന് മാൾട്ട സർക്കാർ അറിയിച്ചു. മാൾട്ടയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് കപ്പൽ ഉള്ളത്. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ഗാസ്സയിലേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾക്കിടെയാണ് ആക്രമണം ഉണ്ടായതെന്ന് ‘ഫ്രീഡം ഫ്‌ളോട്ടില്ല’ കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് മാസമായി തുടരുന്ന ഇസ്രായേലിന്റെ പൂർണ ഉപരോധത്തിൽ ഗാസ്സയിലെ ജനങ്ങൾ കടുത്ത പട്ടിണിയിലാണ്.
ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ മറികടന്ന് അവശ്യ വസ്തുക്കളെത്തിക്കാൻ തീരുമാനിച്ചത്. ‘നിരായുധരായ ഒരു സിവിലിയൻ കപ്പലിന്റെ മുൻവശത്ത് സായുധ ഡ്രോണുകൾ രണ്ട് തവണ ആക്രമണം നടത്തി. ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും ഉള്ളിൽ കാര്യമായ വിള്ളലുണ്ടാവുകയും ചെയ്തു’- ഫ്രീഡം ഫ്‌ളോട്ടില്ല കൂട്ടായ്മ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണം നടത്തിയതിന് ഇസ്രായേലിനെ നേരിട്ട് കുറ്റപ്പെടുത്തി പ്രസ്താവനയിൽ പരാമർശമില്ല. അതേസമയം അന്താരാഷ്ട്ര ജലാതിർത്തിയിൽ നമ്മുടെ സിവിലിയൻ കപ്പലിന് നേരെ നടന്നുകൊണ്ടിരിക്കുന്ന ഉപരോധവും ബോംബാക്രമണവും അടക്കമുള്ള വിഷയങ്ങളിൽ ഇസ്രായേലി അംബാസിഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ട്. ആക്രമണത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.