ചെന്നിത്തല: ചെന്നിത്തല പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചെന്നിത്തല സ്വദേശി രാകേഷിന്റെ മൃതദേഹമാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണി മുതല്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധരും കോട്ടയത്ത് നിന്നുള്ള സ്‌കൂബാ ഡൈവിങ് ടീമും ഫയര്‍ ആന്റ് റെസ്‌ക്യു ടീമും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് പേരാണ് ഇന്നലെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് മുന്‍പ് തന്നെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യന്‍, ചെറുകോല്‍ സ്വദേശി ബിനീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. നാലാമത് ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടുവെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് നീന്തി രക്ഷപെട്ടുവെന്ന് സ്ഥിരീകരണം ഉണ്ടായി. അമ്പതോളം പേരാണ് അപകട സമയത്ത് പള്ളിയോടത്തില്‍ ഉണ്ടായിരുന്നത്.
തുഴച്ചില്‍ക്കാര്‍ അല്ലാത്തവരും പള്ളിയോടത്തില്‍ ഉണ്ടായിരുന്നു. മാവേലിക്കരയ്‌ക്ക് അടുത്ത് വലിയ പെരുമ്പുഴക്കടവില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് സംഭവം. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. അച്ചന്‍കോവിലാറ്റിലെ പ്രദക്ഷിണത്തിനിടെയാണ് അപകടം സംഭവിച്ചത്. വള്ളം ആറ്റിലേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിരുന്നു.