കൊച്ചി : കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും വന്‍മയക്കുമരുന്നുശേഖരം പിടികൂടി. 83 ബോട്ടില്‍ ഹാഷിഷ് ഓയിലും എംഡിഎം എയുമാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി മുഹമ്മദ് സിറാജ് (21), കല്ലമ്പലം സ്വദേശി ഇര്‍ഫാന്‍ മന്‍സില്‍ റിസ്വാന്‍ (23), വഴുതക്കാട് സ്വദേശി ശങ്കരനാരായണന്‍ (23), ആലപ്പുഴ ചേര്‍ത്തല മണപ്പുറം സ്വദേശി വടക്കേകുന്നത്ത് ജിഷ്ണു (22), തേക്കേമുറി പുളിയന്നൂര്‍ സ്വദേശി ഏഴപ്പറമ്പില്‍ അനന്തു സജി (27), ഹരിപ്പാട് ചിങ്ങോട് സ്വദേശി മൂടോളില്‍ കിഴക്കേതില്‍ അഖില്‍ മനോജ് (24), ചാവക്കാട് പിള്ളക്കാട് സ്വദേശി പുതുവടതയില്‍ അന്‍സാരി (23), കോട്ടയം വില്ലൂന്നി സ്വദേശിനി തിരുത്താക്കിരി പുത്തന്‍പുരക്കല്‍ കാര്‍ത്തിക (26) എന്നിവരാണ് പിടിയിലായത്.
അന്വേഷണ സംഘം എത്തുമ്പോള്‍ മുറിയില്‍ ഏഴ് പുരുഷന്‍മാരും ഒരു യുവതിയും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട് സിറ്റി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ വിതരണം ചെയ്യാനെത്തിച്ചതാവാം ഇവയെന്ന നിഗമനത്തിലാണ് പോലീസ്. കാക്കനാടും പരിസരങ്ങളിലുമായുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, വില്ലകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്നു വില്‍പ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 148 ഗ്രം ഹാഷിഷ് ഓയില്‍ 1.1 ഗ്രാം എംഡിഎംഎ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു.