പത്തനംതിട്ട : ഞാന്‍ ലഹരി ഉപയോഗിക്കില്ലെന്നും എന്റെ വീട്ടിലാരും ലഹരി ഉപയോഗിക്കാന്‍ സമ്മതിക്കില്ലെന്നും വിദ്യാര്‍ഥികള്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട തൈക്കാവ് ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ മുന്‍കൈ എടുത്താല്‍ മാത്രമേ നമ്മുടെ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ സാധിക്കു. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷങ്ങളെ കുറിച്ച് ഓരോ ക്ലാസുകളിലും ചര്‍ച്ചകള്‍ നടക്കണമെന്നും വിദ്യാര്‍ഥികള്‍ ശരിയായ അര്‍ഥത്തില്‍ ഈ വിഷയത്തെ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ മികച്ച മുന്നേറ്റം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സമൂഹത്തിനു വിപത്താകുന്ന ലഹരി മരുന്നിന്റെ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ മാതൃകാപരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ കാമ്പയിനുമായി സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ളവര്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വിമുക്ത കേരളം കാമ്പയിന്റെ വക്താക്കളായി വിദ്യാര്‍ഥികള്‍ മാറണമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക് വിദ്യാര്‍ഥികള്‍ ഒരിക്കലും കാലെടുത്ത് വയ്ക്കരുത്. ഒരു തലമുറയെ ബാധിക്കുന്ന പ്രശ്നമാണ് ലഹരിയെന്നത്. ഒരു തമാശയ്ക്ക് പോലും ഇത്തരം കാര്യങ്ങളിലേക്ക് ചെന്നെത്തരുത്. ഇത് നമ്മള്‍ ഒന്നു ചേര്‍ന്ന് കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട കാമ്പയിനാണ്. നമ്മുടെ സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിമരുന്നിനെതിരെ പ്രതിരോധം സൃഷ്ടിക്കണം. ആരോഗ്യം എന്നത് അസുഖമില്ലാതെ ഇരിക്കുകയെന്നത് മാത്രമല്ല, എല്ലാ അര്‍ഥത്തിലും സുസ്ഥിരത ഉണ്ടാകുകയെന്നതാണ്.
അസുഖം വരാതെ നോക്കണം. ചില പദാര്‍ഥങ്ങള്‍ ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കും. എല്ലാ കുടുംബങ്ങളിലേക്കും ലഹരിവിരുദ്ധ സന്ദേശം എത്തിക്കേണ്ട ചുമതല വിദ്യാര്‍ഥികള്‍ക്കുണ്ട്. ജീവിതത്തിലുണ്ടാകുന്ന ഓരോ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തി മുന്നോട്ടു പോകണം. ജീവിതത്തിലും മനുഷ്യബന്ധങ്ങളിലും നിറവും നിറക്കൂട്ടും ലഹരിക്കപ്പുറമാണ്. ലഹരിയുടെ ലോകത്ത് ചെന്നെത്താതെ നിറമാര്‍ന്ന ബാല്യകാല സ്മരണകള്‍ ജീവിതത്തിലുണ്ടാകട്ടെയെന്നും ജീവിതം ലഹരിയാകട്ടെയെന്നും കളക്ടര്‍ പറഞ്ഞു.
ജില്ല പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ യോദ്ധാവ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. വിദ്യാര്‍ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതാണ് യോദ്ധാവ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍, കോളജ്, യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയില്‍ ഇതുവരെ 113 ഹൈസ്‌കൂളുകളും, 35 കോളജുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള ഒരു അദ്ധ്യാപകനെ വീതം എല്ലാ വിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കും. ഇത്തരം അധ്യാപകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കിയശേഷം മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്നിനെതിരെ ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്താനും അവരുടെ സേവനം വിനിയോഗിക്കും. ഇതുവരെ 81 അധ്യാപകര്‍ക്കാണ് ഇത്തരത്തില്‍ പരിശീലനം നല്‍കിയതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ലഹരി മുക്ത കേരളം പദ്ധതി എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് വിശദീകരിച്ചു. എഡിഎം ബി. രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, വിഎച്ച്എസ്ഇ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആര്‍. സിന്ധു, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ലെജു പി തോമസ്, വിമുക്തി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീയ്ക്കല്‍, പത്തനംതിട്ട ഗവ ബോയ്‌സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ശോഭ ആന്റോ, പത്തനംതിട്ട ഗവ ബോയ്‌സ് വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ജാന്‍സി മേരി വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ. സുമതി, പിടിഎ പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, കുടുംബശ്രീ ഡിപിഎം പി.ആര്‍. അനൂപ, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്‌നേഹിത ഉദ്യോഗസ്ഥര്‍, മാതാപിതാക്കള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.