താമരശ്ശേരി: പ്രവാസിയുടെ വീട്ടിലെത്തിയ ലഹരി മാഫിയ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അയ്യൂബിന്റെ വീട്ടില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇറങ്ങി ഓടിയ ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ച അയ്യൂബ് മതില്‍ ചാടുന്നതിനിടെ വീണ് പരിക്കേറ്റിട്ടുണ്ട്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഹരി സംഘം അയ്യൂബിന്റെ സ്ഥലത്ത് ടെന്റ് കെട്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇതോടെ പിടിയിലായ ക്രിമിനല്‍ സംഘത്തിലെ ആളുകളുടെ എണ്ണം അഞ്ചായി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അമ്പലമുക്ക് കൂരിമുണ്ടയില്‍ മന്‍സൂറിന്റെ (38) വീട്ടിലെത്തിയ ലഹരി മാഫിയ സംഘം വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മന്‍സൂറിന്റെ വീടിനോട് ചേര്‍ന്നുള്ള സ്വന്തം സ്ഥലത്ത് വ്യാഴാഴ്ച അറസ്റ്റിലായ അയൂബ് ടെന്റ് കെട്ടി മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും നടത്തിയിരുന്നു. അയൂബിന്റെ കൂട്ടാളികളായ കണ്ണന്‍, ഫിറോസ് എന്നിവര്‍ മന്‍സൂറിന്റെ വീട്ടില്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മന്‍സൂര്‍, ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവര്‍ വീടിന്റെ വാതിലടച്ച് അകത്ത് കയറി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ ജനല്‍ ചില്ലുകളും സി.സി.ടി.വി. ക്യാമറയും വാഹനവും സംഘം എറിഞ്ഞും അടിച്ചും തകര്‍ത്തു. നാട്ടുകാരും പോലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ഭീഷണി തുടരുകയായിരുന്നു.