കോഴിക്കോട് : സംസ്ഥാനത്ത് പുതുതലമുറയെ ലഹരിക്കടിമകളാക്കുന്ന ലഹരിപ്പാര്‍ട്ടികള്‍ വീണ്ടും സജീവമാകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹോട്ടലുകള്‍ സുരക്ഷിതമല്ലാതായതോടെ ഫ്ലാറ്റുകളും അപ്പാര്‍ട്ട്മെന്റുകളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് ഇതുവരെ കണ്ടെത്തിയത് ഏഴ് കേന്ദ്രങ്ങളാണ്. രഹസ്യമായി നടത്തുന്ന ഇത്തരം പാര്‍ട്ടികള്‍ രണ്ടും മൂന്നും ദിവസം വരെ നീണ്ടു നില്‍ക്കും. വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളും സ്ത്രീകളും ഈ പാര്‍ട്ടികളില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. മൂവായിരം മുതല്‍ പതിനായിരം രൂപവരെയാണ് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. പെണ്‍സുഹൃത്തുമായി എത്തുന്നവര്‍ക്ക് തുകയില്‍ ഇളവും നല്‍കും. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ കോഴിക്കോടേക്ക് എറണാകുളം ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ളവര്‍ വരെ എത്തുന്നുണ്ട്.
കോഴിക്കോട് നഗരത്തില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് 16 ഇടങ്ങളില്‍ ലഹരിപ്പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചവിവരം. സംഘത്തില്‍പ്പെട്ട ഏതെങ്കിലുമൊരാള്‍ താമസിക്കാനെന്നരീതിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്നതാണ് രീതി. ഇവരുടെ സൗഹൃദവലയങ്ങളിലുള്ളവരാണ് കൂടുതലുമെത്തുന്നത്. അതുകൊണ്ട് വളരെ രഹസ്യമായിരിക്കും കാര്യങ്ങളെല്ലാം. വിദ്യാര്‍ഥികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവരും വരുന്നുണ്ട്. ലഹരിപ്പാര്‍ട്ടികള്‍ മറ്റ് അനാശാസ്യപ്രവൃത്തികള്‍ക്കും ഹണിട്രാപ്പിനുമെല്ലാം വേദിയാവുകയും ചെയ്യുന്നുണ്ട്. എന്നാൽ ലഹരിയില്‍ മുങ്ങുന്ന തലമുറയെക്കുറിച്ച് എത്രതന്നെ എഴുതിയാലും അത് എത്രത്തോളം ആളുകള്‍ മനസ്സിലാക്കും എന്ന് നമുക്ക് പറയുവാന്‍ കഴിയില്ല.
ലഹരിമരുന്നുകളിലേക്ക് എളുപ്പത്തില്‍ വീഴുകയാണ് കുട്ടികള്‍. ലഹരി പലതരത്തില്‍ ഉള്ളത് ഉണ്ട്. ചില ആളുകള്‍ കഞ്ചാവ് പോലുള്ള ലഹരിയില്‍ അഭയം തേടുമ്പോള്‍ ചിലര്‍ മദ്യത്തിനു അടിമയാകുന്നു. എന്നാല്‍ ചിലര്‍ പുകവലിയും പാന്‍പരാഗ് പോലുള്ള ലഹരിയില്‍ ആകും അടിമപ്പെടുക. ദിനംപ്രതി ലഹരി ഉപയോഗം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കേരളത്തില്‍ ഏറ്റവുമധികം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതു കൊച്ചിയിലാണെന്നായിരുന്നു ഋഷിരാജ് സിംഗ് പറഞ്ഞത്. ആദ്യകാലങ്ങളില്‍ ഒക്കെ വല്ലപ്പോഴുമൊക്കെ ആയിരുന്നു കഞ്ചാവ് എന്ന വാക്ക് പോലും കേട്ടിരുന്നത്. അത് തന്നെ പിടിക്കുന്നതാകട്ടെ ചുരുങ്ങിയ ഗ്രാം കഞ്ചാവ് മാത്രമായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ അതും അതിനൊപ്പം മാറി. ഇപ്പോള്‍ കഞ്ചാവ് എന്നത് നിത്യേന കിട്ടുന്ന ഒരു വസ്തുവായി മാറിയിരിക്കുന്നു. വല്ലപ്പോഴുമൊക്കെ എക്സൈസ് ഇത് പിടിച്ചാല്‍ കിട്ടുന്നത് ഗ്രാം കണക്കിലല്ല, കിലോ കണക്കിന് ആണ്.
മയക്കുമരുന്നുമായി പിടികൂടുന്നവരില്‍ 90 ശതമാനത്തോളം പേര്‍ വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും ലഹരി കൈമാറുന്നവരാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഞ്ചാവ് വാങ്ങാനെത്തുന്ന വിദ്യാര്‍ഥികളില്‍ പലരെയും മയക്കുമരുന്ന് ലോബി പിന്നീട് വില്‍പ്പനക്കാരായും ഉപയോഗപ്പെടുത്തുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ കൂടുതലും കഞ്ചാവുപയോഗിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ബ്രൗണ്‍ഷുഗര്‍ മധ്യവയസ്സ് പിന്നിട്ടവരും. യുവത്വത്തിന്റെ ലഹരി എം.ഡി.എം.എ. ഉള്‍പ്പെടെയുളള സിന്തറ്റിക് മയക്കുമരുന്നുകളാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. ഉള്‍പ്പെടെയുള്ള പല കാമ്പസുകളിലും ഇവര്‍ പിടിമുറുക്കിയിട്ടുണ്ടെന്നാണ് വിവരം.
ആന്ധ്രയില്‍നിന്ന് ലോറികളിലെത്തുന്ന കഞ്ചാവ് പലപ്പോഴും പിടിക്കപ്പെടുന്നുണ്ടെങ്കിലും രണ്ടുവര്‍ഷത്തിനിടെ കഴിഞ്ഞ നവംബറിലാണ് എക്‌സ്സൈസ് കോഴിക്കോട്ടുവെച്ച് ബ്രൗണ്‍ഷുഗര്‍ പിടികൂടുന്നത്. 2021-ല്‍ 120 ഗ്രാം എം.ഡി.എം.എ.യാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എക്‌സൈസ് പിടിച്ചത്. എന്നാല്‍ ഈവര്‍ഷം ഒരുമാസംകൊണ്ട് നൂറുഗ്രാമിലധികം എം.ഡി.എം.എയാണ് കോഴിക്കോട്ടുനിന്ന് പിടികൂടിയത്. പ്രണയിക്കുന്ന ആളുടെയോ ബോയ്ഫ്രണ്ടിന്റെയോ നിര്‍ബന്ധത്തിന് വഴങ്ങി ഒരുതവണ ലഹരി ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ അതിനടിമകളായും പിന്നീട് കടത്തുകാരും വില്‍പ്പനക്കാരുമായി മാറുന്നുണ്ട്.
ലഹരി നല്‍കിയശേഷം ലൈംഗികമായി ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍പേരും പെണ്‍കുട്ടികളെ ലഹരിസംഘത്തിന്റെ ഭാഗമാക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ലഹരിക്കടത്തിന് മറയാക്കുന്നതിനൊപ്പം മറ്റുള്ളവരെ ലഹരിക്കടിമകളാക്കാനും പെണ്‍കുട്ടികളെ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ഇന്‍സ്റ്റഗ്രാമാണ് ലഹരിസംഘങ്ങള്‍ ആശയവിനിമയത്തിനും പാര്‍ട്ടികള്‍ സംഘടിപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്നത്.