ഈരാറ്റുപേട്ട: എക്സൈസിന്റെ ‘ഓപ്പറേഷന് ക്വിക്’ റെയ്ഡില്‍ ഈരാറ്റുപേട്ട റേഞ്ചിലെ ഇല്ലിക്കക്കല്ല്, കുറ്റിലംപാറ, അരുവിത്തുറ കോളജ്പടി ജങ്ഷന് എന്നിവിടങ്ങളില്‍നിന്ന് മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍. ഒരുകിലോയോളം ഉണക്ക കഞ്ചാവും 180 മി.ഗ്രാം എം.ഡി.എം.എയും മാരുതി സെലേറിയോ കാറും ഒരു ബൈക്കും ഇവരില്‍നിന്ന് പിടികൂടി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എ.ആര്. സുല്‍ഫിക്കറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്.
അരുവിത്തറ സെന്റ് ജോര്‍ജ് കോളജ്പടി ജങ്ഷനില്‍ കെ.എല്‍-35 ജെ 9823 നമ്പര്‍ കാറില്‍ കടത്തിക്കൊണ്ട് വന്ന അതീവ ലഹരിയുള്ള മയക്കുമരുന്ന് വിഭാഗത്തില്‍പെട്ട എം.ഡി.എം.എയും അര കിലോയോളം കഞ്ചാവുമായി ഈരാറ്റുപേട്ട നടക്കല്‍ കരയില്‍ വടക്കേടത്ത് വീട്ടില്‍ യൂസഫിന്റെ മകന് അഹസ് (27), തലപ്പലം സ്വദേശി കിഴക്കേവീട്ടില്‍ മനോജിന്റെ മകന് വിഷ്ണു (25) എന്നിവരാണ് പിടിയിലായത്. പേട്ടയിലെ സുഹൃത്തിന്റെ കല്യാണത്തിന്റെ ഡ്രഗ് പാര്‍ട്ടിക്ക് എറണാകുളത്തുനിന്ന് എത്തിച്ചതാണ് മയക്കുമരുന്ന്.
ടൂറിസ്റ്റ് കേന്ദ്രമായ കുറ്റിലംപാറയില് എത്തുന്ന യുവാക്കള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന ഈരാറ്റുപേട്ട മന്തേകുന്ന് തെക്കേകര കരയില്‍ പറമ്പുകാട്ടില്‍ ഷാഹുമോനെ (27) അറസ്റ്റ് ചെയ്തു. ചേരിമല പുല്ലേപ്പാറയിലുള്ള ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കിന് മുന്‍വശം റോഡരികില്‍ യുവാക്കള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായും സാമൂഹികവിരുദ്ധര്‍ കൂട്ടംകൂടുന്നുവെന്നുമുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയെങ്കിലും കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കള്‍ ഓടിരക്ഷപെട്ടു.
ഇവരുടെ കെ.എല്‍-06 9546 ആര്.എക്സ് 135 യമഹ ബൈക്കും മോട്ടോറോള മൊബൈലും ബൈക്കില്‍ ഒളിപ്പിച്ച 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് ഷാഡോ അംഗങ്ങളായ അഭിലാഷ് കുമ്മണ്ണൂര്‍, എബി ചെറിയാന്, നൗഫല്‍, പ്രസാദ് എന്നിവര്‍ ആഴ്ചകളോളം ഇല്ലിക്കക്കല്ല് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളില്‍ ‘ഇല്ലിക്കക്കല്ല് ഗോള്‍ഡ്’ കഞ്ചാവുമായി മേലടുക്കംകരയില് ഇല്ലിക്കല്‍ കല്ലിന് സമീപം താമസിക്കുന്ന കൊച്ചേട്ടെന്നില് വീട്ടില്‍ ജോയി ജോണ്‍ പിടിയിലായി. ജോയിയുടെ പക്കല്‍നിന്ന് 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിനോദ സഞ്ചാരികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡാണ് ‘ഇല്ലിക്കല്‍കല്ല് ഗോള്‍ഡ്’ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗ്രാമ്പൂവിന്റെ സുഗന്ധമുള്ള കഞ്ചാവ്.
റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ വൈശാഖ് വി. പിള്ള, പ്രിവന്റിവ് ഓഫിസര്‍മാരായ ബിനീഷ് സുകുമാരന്‍, മനോജ്, സി.ഇ.ഒമാരായ സ്റ്റാന്‍ലി ചാക്കോ, ഉണ്ണിമോന് മൈക്കിള്‍, ജസ്റ്റിന് തോമസ്, പ്രദീഷ് ജോസഫ്, സുവി ജോസ്, വിശാഖ്, വിനീത വി. നായര്‍, സുജാത, മുരളീധരന് എന്നിവരും പങ്കെടുത്തു.