കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഹരിക്കടത്ത് മാഫിയ പിടിമുറുക്കുന്നു. മൂന്ന് മാസത്തിനിടെ നാല് ലഹരിക്കടത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഹൈബ്രിഡ് കഞ്ചാവിന് പുറമേ ഇ-ലഹരി വസ്തുക്കളും രാസലഹരികളും സ്റ്റിറോയ്ഡുകളടങ്ങിയ രാസലഹരികളും, ലഹരിമിഠായികളും വരെ കള്ളക്കടത്തിലുണ്ടായിരുന്നു. 100 കോടി രൂപയിലധികം വിലവരുന്ന ലഹരിക്കടത്താണ് പിടികൂടിയത്. സ്വര്‍ണക്കടത്തില്‍ ഒരു വര്‍ഷം 180 കോടിയാണ് ഏറ്റവും ഉയര്‍ന്ന തുക. ഇതിലുമധികം ലഹരിവസ്തുക്കള്‍ പിടിക്കപ്പെടാതെ പുറത്തെത്തിയതായാണ് ആശങ്ക. സ്വര്‍ണക്കടത്ത് ലാഭകരമല്ലാതായതോടെയാണ് കള്ളക്കടത്ത് സംഘങ്ങള്‍ ലഹരിക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് കസ്റ്റംസ് കരുതുന്നത്.
ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ലഭിക്കുന്ന ലാഭം പരമാവധി ഏഴുലക്ഷം രൂപ വരെയായിരുന്നു. എന്നാല്‍ രാജ്യത്ത് നികുതി കുറച്ചതോടെ ഇത് മൂന്നു ലക്ഷത്തില്‍ താഴെയായി. വാഹകര്‍ക്കും സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കും വീതംവെച്ച് കഴിയുംമ്പോള്‍ കള്ളക്കടത്ത് നേതാക്കന്‍മാര്‍ക്ക് വലിയ നേട്ടം ലഭിക്കാത്ത അവസ്ഥ. എന്നാല്‍ ലഹരിക്കടത്തില്‍ ലാഭം പത്തിരട്ടിയാണ്. വിദേശത്ത് 10 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്തുമ്പോള്‍ വിപണിമൂല്യം ഒരു കോടിയോളമായി മാറും. 90 ലക്ഷത്തിന്റെ ലാഭമാണ് മയക്കുമരുന്ന് മാഫിയയ്ക്ക് ലഭിക്കുന്നത്. കസ്റ്റംസിന്റെ എക്‌സ്‌റേ പരിശോധനയില്‍ ഇവ കണ്ടെത്താന്‍ എളുപ്പമല്ലെന്നതാണ് കള്ളകടത്തുകാര്‍ക്ക് അനുഗ്രഹമാകുന്നത്.
സ്വര്‍ണക്കടത്തില്‍ എക്‌സ്‌റേയില്‍ ലഭിക്കുന്ന രൂപങ്ങളും വസ്തുക്കള്‍ക്ക് വരുന്ന ഭാരവ്യത്യാസവുമാണ് സ്വര്‍ണക്കടത്ത് പിടിക്കാന്‍ സഹായകമാകുന്നത്. എന്നാല്‍ ലഹരിവസ്തുക്കളുടെ കാര്യത്തില്‍ ഈ രണ്ട് സാധ്യതകളും വളരെ കുറവാണ്. അതിനാല്‍ത്തന്നെ കരിപ്പൂരില്‍ സജീവമായിരുന്ന സ്വര്‍ണക്കടത്ത് മാഫിയ ലഹരിക്കടത്തിലേക്ക് ചുവട് മാറ്റിയതായാണ് കസ്റ്റംസ് സംശയിക്കുന്നത്. ആഗോളതലത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ മുഖ്യ വരുമാനസ്‌ത്രോതസ്സാണ് മയക്കുമരുന്ന് വ്യാപാരം. അതിനാല്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.