കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ഇടപെടലിന് പിന്നാലെ നടപടികളുമായി സിനിമാ സംഘടനകൾ. ലഹരി ഉപയോഗം തടയുന്നതിന് കർശനമായ നടപടികൾ സ്വീകരിക്കാനാണ് സംഘടനകളുടെ തീരുമാനം. ഉടൻ തന്നെ യോഗം ചേരാനും സംഘടനകൾ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് എൻസിബിയുടെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം ചേർന്നിരുന്നു. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട അംഗങ്ങൾ പങ്കെടുത്തു.
സിനിമാ സെറ്റുകളിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സിനിമ സംഘടനകളുമായി ചർച്ച നടത്തിയത്. ലഹരി ഉപയോഗം തടയാനുള്ള നടപടി ഉണ്ടാകണമെന്ന് എൻസിബി ആവശ്യപ്പെട്ടു. യോഗത്തിൽ പൂർണ പിന്തുണ സിനിമാ സംഘടനകൾ അറിയിച്ചിട്ടുണ്ട്. സിനിമ താരങ്ങളെയും ടെക്നീഷൻ മാരെയും അടുത്തിടെ ലഹരി കേസുകളിൽ പൊലിസ് പിടികൂടിയിരുന്നു. പിന്നാലെയാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ കർശന നടപടികൾ എടുക്കാൻ നാർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ കൂടി തീരുമാനം എടുത്തത്.