മുംബൈ: ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിക്കെതിരായ മയക്കുമരുന്ന് കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരായ കേസ് ഒരു കാര്യവുമില്ലാത്തതും കോടതിയുടെ സമയം കൊല്ലുന്നതുമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മമത കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്ന മതിയായ രേഖകളില്ലെന്ന് കോടതി വിലയിരുത്തി. മമത കുല്‍ക്കര്‍ണിക്കെതിരായ 2000 കോടി രൂപയുടെ മയക്കുമരുന്ന് കേസിലെ എഫ്‌ഐആറാണ് കോടതി റദ്ദാക്കിയത്. 2016 ലെ മയക്കുമരുന്ന് കേസില്‍ മമതക്കെതിരായ വിചാരണ തുടരുന്നത് കോടതിയുടെ നടപടി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് കേസ് റദ്ദുചെയ്തുകൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഭാരതി ദാംഗ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കേസില്‍ മമതാ കുല്‍ക്കര്‍ണിക്കെതിരെ ശേഖരിച്ച കാര്യങ്ങള്‍ പ്രഥമദൃഷ്ട്യാ കുറ്റകരമല്ലെന്ന് വ്യക്തമായ അഭിപ്രായമുണ്ടെന്ന് കോടതി വ്യക്തമാക്കി. എഫ്‌ഐആര്‍ റദ്ദാക്കാന്‍ മതിയായ കാരണമുള്ള കേസാണിതെന്നും കോടതി പറഞ്ഞു. താനെ പോലീസ് 2016 ല്‍ തനിക്കെതിരെ ചുമത്തിയ മയക്കുമരുന്ന് കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മമത കുല്‍ക്കര്‍ണി കോടതിയെ സമീപിച്ചത്.
കേസിലെ പ്രതികളിലൊരാളായ വിക്കി ഗോസ്വാമിയുമായി പരിചയമുണ്ടെന്ന് മമത കുല്‍ക്കര്‍ണി സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് മമത കുല്‍ക്കര്‍ണി കോടതിയില്‍ അറിയിച്ചു. 2016 ഏപ്രിലില്‍ ഒരു കിലോഗ്രാം എഫിഡ്രിന്‍ എന്ന മയക്കുമരുന്ന് കൈവശം വച്ചതിന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിനൊടുവിലാണ് മമത കുല്‍ക്കര്‍ണി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കൂടി കേസെടുത്തത്.