കൊൽക്കത്ത: കുഴിമാടം കുഴിച്ച് പുറത്തെടുത്ത അസ്ഥികൂടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ പുർബ ബേദിനിപുർ ജില്ലയിലെ കൊൻടായ് ഗ്രാമത്തിലാണ് സംഭവം. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രഭാകർ സിദ് എന്ന യുവാവ് കുഴിമാടത്തിനരികിൽ നിന്ന് അസ്ഥികൂടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഏഴ്കൊല്ലം മുൻപ് സംസ്കരിച്ച ഒരു സ്ത്രീയുടെ കുഴിമാടത്തിനടുത്ത് വെച്ച് നാട്ടുകാർ പ്രഭാകറിനെ കാണുകയായിരുന്നു. ഈ സമയം ഇയാൾ കുഴിമാടത്തിനടുത്ത് നിന്ന് മണ്ണ് മാറ്റുകയും അസ്ഥികൂടം പുറത്തെടുത്ത് സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഇത് കണ്ട നാട്ടുകാർ ഇയാളെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും നടത്തി. ഇതിനിടെ പോലീസെത്തി ഇടപെട്ടു. പ്രഭാകറിനെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനുനേരെയും നാട്ടുകാർ തിരിഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടത്തിൽ നിന്നും പ്രഭാകറിനെ രക്ഷിക്കാൻ പോലീസ് ബലപ്രയോഗത്തിന് മുതിർന്നതോടെ നാട്ടുകാർ ഇഷ്ടികയും മറ്റുമെറിയുന്ന സാഹചര്യവും ഉണ്ടായി. ശേഷം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസുകാർ പ്രഭാകറിനെ അറസ്റ്റ് ചെയ്തു. പ്രഭാകറിൽ നിന്ന് പോലീസ് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെടുത്തു. അതേസമയം പ്രഭാകർ സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ്.