പത്തനംതിട്ട : കൊതുക് ജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലൊട്ടാകെ ഡ്രൈഡേ ദിനാചരണം നടത്തി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലും പരിസരത്തും നടത്തിയ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. അനിത കുമാരി എല്‍. നിര്‍വഹിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയൊട്ടാകെ നടത്തിയ ഡ്രൈഡേ ദിനാചരണത്തില്‍ ജനപ്രതിനിധികള്‍, ആശാപ്രവര്‍ത്തകര്‍, ഹരിത കര്‍മസേനാംഗങ്ങള്‍, കുടുംബശ്രീ വോളണ്ടിയര്‍മാര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റബര്‍ തോട്ടങ്ങളിലെ കമിഴ്ത്തിവയ്ക്കാത്ത ചിരട്ടകള്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍, നിര്‍മ്മാണ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ചെടിച്ചട്ടികളുടെ അടിയില്‍ വെച്ചിരിക്കുന്ന ട്രേ, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍ തുടങ്ങിയവയിലെല്ലാം കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇടവിട്ട് മഴപെയ്യുന്ന സാഹചര്യത്തില്‍ വീട്ടിനുള്ളിലും പുറത്തും കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. വരുംദിവസങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.