ദുബായ് : എയര്‍ ടാക്‌സി രംഗത്ത് അത്ഭുതത്തിനൊരുങ്ങി ദുബായ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന എയര്‍ ടാക്‌സികളാണ് ദുബായ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ദുബായ് എയര്‍പോര്‍ട്ടിനും പാം ജുമൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം ഇനി 10 മിനിറ്റ് മാത്രമായിരിക്കും. നിലവില്‍ 45 മിനിറ്റ് വരെ സമയമെടുക്കുന്ന യാത്രയാണ് എയര്‍ ടാക്‌സിയിലൂടെ കുത്തനെ ഇടിയുന്നതെന്നും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി സിഇഒ അഹമ്മദ് ബഹ്റോസിയാന്‍ പറഞ്ഞു. വേഗത, റേഞ്ച്, പരിമിതമായ ചാര്‍ജിംഗ് സമയം എന്നിവ ഉപയോഗിച്ച് ഈ വാഹനങ്ങള്‍ക്ക് 10 മിനിറ്റോ അതില്‍ കുറവോ സമയത്തിനുള്ളില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് പാം ജുമൈറയിലെ വെര്‍ട്ടിപോര്‍ട്ടിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയുമെന്നും തുടക്കത്തില്‍ ഞങ്ങള്‍ ദുബായ് റൂട്ടുകളില്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക എന്നും അഹമ്മദ് ബഹ്റോസിയാന്‍ പറഞ്ഞു.
ടാക്സികള്‍ക്ക് ഇറങ്ങാനുള്ള വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന സ്‌കൈപോര്‍ട്ടുകള്‍ എയര്‍ക്രാഫ്റ്റ് ഓപ്പറേറ്ററായ ജോബി, ആര്‍ടിഎ എന്നിവ സംയുക്തമായാണ് നടപ്പിലാക്കുന്നത്. 2026-ല്‍ ദുബായില്‍ ആറ് എയര്‍ ടാക്സികളുമായി ഞങ്ങളുടെ ആദ്യ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ സേവനമാണ്. ലോകത്തിലെ തന്നെ ആദ്യത്തേതായിരിക്കാം. ഒരുപാട് പഠിക്കാനുണ്ട്. ഞങ്ങള്‍ ആളുകളുടെ ആവശ്യം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വെര്‍ട്ടിപോര്‍ട്ട് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ ഉറപ്പാക്കും. ഒരു ലിമോ സേവനം നല്‍കാന്‍ സാധ്യതയുണ്ട്. അത് ഒരു എന്‍ഡ്-ടു-എന്‍ഡ് സേവനമായിരിക്കും അദ്ദേഹം പറഞ്ഞു.