വർഷാവസാനം ആയതോടെ വാഹന വിപണിയിൽ ഓഫറുകളുടെ ചാകരയാണ്. കാറുകൾക്കാണ് ഈ സമയത്ത് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതെങ്കിലും ടൂവീലർ വിപണിയിലും ഇത്തവണ മോശമല്ലാത്ത ഓഫറുകൾ പല കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ മോഡൽ നിരയിൽ 3 ലക്ഷത്തിന്റെ ഓഫർ പ്രഖ്യാപിച്ച ഈ ബ്രാൻഡാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധനേടുന്നത്. മറ്റാരുമല്ല ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടിയാണ് ഗംഭീര ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. വാങ്ങിക്കൂട്ടാൻ ഒരുപാട് ആളുകളൊന്നും എത്തില്ലെങ്കിലും ലക്ഷങ്ങൾ വിലമതിക്കുന്ന ഈ പ്രീമിയം മോഡലുകൾക്ക് വിപണിയിൽ നിന്നും കൂടുതൽ ആളുകളെ പിടിക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ.
അതിനായാണ് മോഹിപ്പിക്കുന്ന ഇയർ എൻഡ് ഓഫറുകളുമായി കമ്പനി എത്തിയിരിക്കുന്നത്. ഒന്നിലധികം മോഡലുകൾ ഉൾക്കൊള്ളുന്ന രണ്ട് സെറ്റ് ഡിസ്‌കൗണ്ട് ഓഫറുകളാണ് ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യുന്നത്. അതെന്തെല്ലാമെന്ന് വിശദീകരിക്കാം. ആദ്യ സെറ്റ് ഓഫറുകളിൽ 1.50 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടുന്നു. ഇതിൽ മൾട്ടിസ്‌ട്രാഡ V2, മൾട്ടിസ്‌ട്രാഡ V2S, വൈറ്റ് നിറത്തിലുള്ള സൂപ്പർ സ്‌പോർട്ട് 950S, സ്ട്രീറ്റ്‌ഫൈറ്റർ V2, സ്‌ക്രാംബ്ലർ 1100 പോലുള്ള സൂപ്പർബൈക്കുകളാണ് ബ്രാൻഡ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൾട്ടിസ്‌ട്രാഡ S, സ്ട്രീറ്റ്‌ഫൈറ്റർ, സൂപ്പർസ്‌പോർട്ട് ശ്രേണികൾക്ക് കരുത്തേകുന്നത് ഒരേ 937 സിസി ടെസ്റ്റാസ്ട്രെറ്റ, ട്വിൻ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോഡിയാക്കിയിരിക്കുന്ന യൂണിറ്റിന് 9,000 rpm-ൽ 111.5 bhp പവറും 6,750 rpm-ൽ 94 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് സ്‌ക്രാംബ്ലർ 1100 മോഡൽ 1,079 സിസി, എൽ-ട്വിൻ, എയർ കൂൾഡ് എഞ്ചിനുമായാണ് വരുന്നത്.
ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോഡിയാക്കിയ എഞ്ചിന് 7,500 rpm-ൽ 86 bhp കരുത്തും 4,750 rpm-ൽ 88 Nm torque ഉം വരെ വികസിപ്പിക്കാനാവുമെന്നുമാണ് ഡ്യുക്കാട്ടി അവകാശപ്പെടുന്നത്. പ്രോ, സ്പോർട്ട് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന മോട്ടോർ സൈക്കിളിന് ഇന്ത്യയിൽ യഥാക്രമം 11.95 ലക്ഷം രൂപയും 13.74 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡ്യുക്കാട്ടി ഉൽപ്പന്നങ്ങളിൽ ഒന്നാണിത്. ഇനി ഇറ്റാലിയൻ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്ന അടുത്ത ഇയർ എൻഡ് ഓഫറിനു കീഴിൽ V4 ശ്രേണിയാണ് ഉൾപ്പെടുന്നത്. 3 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. മൾട്ടിസ്ട്രാഡ V4, മൾട്ടിസ്ട്രാഡ V4S റഡാർ, സ്ട്രീറ്റ്ഫൈറ്റർ V4, സ്ട്രീറ്റ്ഫൈറ്റർ V4S, സ്ട്രീറ്റ്ഫൈറ്റർ V4 SP തുടങ്ങിയ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു. അതായത് ഈ സൂപ്പർബൈക്കുകളുടെ ഒറിജിനൽ വിലയിൽ നിന്നും 3 ലക്ഷം രൂപ കിഴിവിലൂടെ ഈ മാസം സ്വന്തമാക്കാമെന്ന് സാരം.