പാൽ പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം. എത്തിച്ചേരാവുന്നതിന്‍റെ പരമാവധി അടുത്തെത്തുമ്പോഴേയ്ക്കും ഒരുവിധം നനഞ്ഞു കുളിച്ചിരിക്കും. അതുവഴി പോകുന്ന ട്രെയിനുകളെ പോലും വിടാതെ വെള്ളത്താൽ പുതപ്പിച്ചു നിര്‍ത്തുന്ന ഇടമേതെന്ന് മനസ്സിലായിട്ടുണ്ടാകുമല്ലോ അല്ലേ. അതെ നമ്മുടെ ദൂത്സാഗർ വെള്ളച്ചാട്ടം തന്നെ. യാത്രകളെ സ്നേഹിക്കുന്നവർ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന അതേ വെള്ളച്ചാട്ടം. മഴക്കാലത്ത് ഇവിടേക്കുള്ള പ്രവേശനത്തിന് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പുകൾക്കു ശേഷം വീണ്ടും ബാഗ് പാക്ക് ചെയ്യാൻ സഞ്ചാരികൾക്ക് ആവേശം നല്കി ദൂത്സാഗർ വെള്ളച്ചാട്ടം തുറന്നു കൊടുത്തിരിക്കുകയാണ്. വെള്ളച്ചാട്ടം മാത്രമല്ല. ദൂത്സാഗറിലേക്കുള്ള ജീപ്പ് യാത്രകളും അധികൃതർ ഇതോടെ പുനരാരംഭിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ജീപ്പ് സഫാരികൾ മുൻകൂട്ടി ബുക്കിങ് നടത്താനും സാധിക്കും. മാത്രമല്ല ഇനി മുതൽ ദൂത്സാഗർ വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട ബുക്കിങ് അടക്കമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും നടക്കുക.
ദൂത്സാഗർ വെള്ളച്ചാട്ടം
ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഗോവയിടെ ദൂത്സാഗർ വെള്ളച്ചാട്ടം. മഴക്കാലത്താണ് ഇതിന്‍റെ ഭംഗി പൂർണ്ണമാകുന്നതെങ്കിലും സുരക്ഷ കണക്കിലെടുത്ത് മഴയിൽ സഞ്ചാരികളെ അനുവദിക്കാറില്ല. 1017 അടി ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടം ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേത്തിനുള്ളിലാണുള്ളത്. ജീപ്പ് യാത്ര കൂടാതെ റെയില്‍ പാളത്തിലൂടെ നടന്നും ട്രെക്കിങ് നടത്തിയും ദൂത്സാഗർ വെള്ളച്ചാട്ടം കാണാൻ വരാം. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടേക്കുള്ള പ്രവേശന കാലം. ജീപ്പിനു വരുമ്പോൾ മൊല്ലം എന്ന സ്ഥലത്തു നിന്നുമാണ് ദൂത്സാഗർ വെള്ളച്ചാട്ടത്തിലേക്കുള്ള ജീപ്പ് യാത്ര ആരംഭിക്കുന്നത്. ദൂത്സാഗർ വെള്ളച്ചാട്ടം കണ്ടുവരാൻ അഞ്ച് മണിക്കൂറോളം സമയം ലഭിക്കും. യാത്രയുടെ സമയം കൂടി ഉൾപ്പെടെയാണിത്. വെള്ളച്ചാട്ടത്തിൽ ചിലവഴിക്കാൻ ഒന്നര മണിക്കൂറോളം സമയം ലഭിക്കും. പനാജിയില്‍ നിന്നും 60 കിലോ മീറ്ററും മഡ്ഗോവയില്‍ നിന്നും 45 കിലോമീറ്ററും ദൂരെയാണ് ദൂത്സാഗർ വെള്ളച്ചാട്ടമുള്ളത്. റെയില്‍ നോക്കുകയാണെങ്കിൽ ഗോവക്കും കർണാടകയിലെ ബെൽഗാമിനും ഇടയിലായി കൊങ്കൺ റെയിൽവേയുടെ ഭാഗമായി ഇത് വരും.