കോന്നി : കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു. മെഡിക്കൽ കോളേജ് പ്രവേശന കവാടത്തിലേക്ക് കടക്കുന്ന റോഡ് തുടങ്ങുന്ന ഭാഗത്ത് ഇരു വശങ്ങളിലുമായാണ് മാലിന്യം തള്ളുന്നത്. കോഴി മാലിന്യവും മുട്ടയുടെ തോടും അടക്കമുള്ള മാലിന്യങ്ങൾ ആണ് ഇവിടെ തള്ളുന്നത്. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സഥലത്ത് സന്ദർശനം നടത്തിയിരുന്നു. പ്ലാസ്റ്റിക് കവറുകളിൽ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങൾ തെരുവ് നായകൾ വലിച്ച് വീടുകളുടെ പരിസരത്ത് ഇടുന്നതും പതിവാണ്.
മെഡിക്കൽ കോളേജ് പ്രവേശന കവാടത്തിലേക്ക് കടക്കുന്ന റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ഇത് പ്രകാശിക്കാത്തത് മാലിന്യം തള്ളുന്നതിന് കൂടുതൽ സൗകര്യമൊരുക്കുന്നുണ്ട്. റോഡിന് ഇരുവശവും വളർന്നു നിൽക്കുന്ന കാടുകൾ തെളിച്ചിട്ടുമില്ല. സമീപത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലും മാലിന്യം തള്ളിയിട്ടുണ്ട്. മഴക്കാലമായതോടെ പകർച്ച വ്യാധികളും വർധിച്ച സമയത്ത് മാലിന്യം ഉപേക്ഷിക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. മെഡിക്കൽ കോളേജ് റോഡിൽ രാത്രിയിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കണം എന്നും ആവശ്യമുയരുന്നു.