ചെങ്ങന്നൂർ : മഴക്കാലത്ത് വരട്ടാറിന്റെ തീരമിടിച്ചിൽ ശക്തമായി. നീരൊഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിനു പുറമേ തീരമിടിയാൻ തുടങ്ങിയത് സമീപവാസികൾക്കു ദുരിതമായി. തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാംവാർഡിൽ തുരുത്തേൽ ഭാഗത്ത് വലിയതോതിലാണ് തീരമിടിയുന്നത്. മുളയും മറ്റും വെച്ചുപിടിപ്പിച്ചിട്ടും തീരമിടിച്ചിൽ തുടരുകയാണ്. നദിയുടെ അടിത്തട്ടിലെ മണ്ണ് നീങ്ങുമ്പോൾ മുകളിൽനിന്ന് തീരമിടിയുകയാണ്. വിമുക്തഭടനായ ശ്രീവിലാസത്തിൽ ശ്രീകുമാറിന്റെ വസ്തുവിന്റെ കുറെ ഭാഗം ഇതിനോടകം നദി കവർന്നെടുത്തു. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴുമെന്നതിനാൽ നദീതീരത്ത് നിൽക്കുന്നതുപോലും അപകടം വിളിച്ചുവരുത്തും.
2018-ൽ നദീതീരത്തെ സഞ്ചാരമാർഗവും പ്രളയം കവർന്നിരുന്നു. അതേസമയം നദീതീരത്ത് പാർശ്വഭിത്തി നിർമിക്കാൻ ഇറിഗേഷൻ വിഭാഗം അടങ്കൽ തയ്യാറാക്കി പോയെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. 60 ലക്ഷം രൂപയുടെ അടങ്കലാണ് തയ്യാറാക്കിയത്. ഫണ്ട് ലഭിച്ചാൽ പണി നടത്താമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. 130 മീറ്റർ ഭാഗത്തെ പാർശ്വഭിത്തി നിർമിക്കാനാണിത്. നിരന്തരമായ അഭ്യർഥനയെത്തുടർന്നാണ് ഇറിഗേഷൻ വിഭാഗം അളവെടുക്കാൻ തയ്യാറായത്. വരട്ടാറിൽ വലിയതോതിലാണ് ചെളിയും മണ്ണും അടിഞ്ഞിരിക്കുന്നത്. ഇതുമൂലം പെട്ടെന്ന് നദിയിൽ വെള്ളമുയരും. പാർശ്വഭിത്തിയില്ലാത്തയിടങ്ങളിലെ വസ്തുവും നഷ്ടപ്പെടും. തിരുവൻവണ്ടൂർ നന്നാട് ഭാഗത്തുള്ളവരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. വരട്ടാറിന്റെ തീരമിടിച്ചിൽ തടയാനും മലിനജലം കെട്ടിക്കിടക്കാതിരിക്കുന്നതിനും പുനരുജ്ജീവന പദ്ധതിയുടെ വേഗം കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം മൂന്നുവർഷത്തിനുള്ളിൽ നദിയെ വീണ്ടടുക്കാൻ കർമപദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.