കോന്നി : പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ദുരിയാൻ പഴം കോന്നിയിൽ സുലഭം. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ പഴം എന്നാണ് ഇത് അറിയപ്പെടുന്നത്. തെക്ക് കിഴക്കേ ഏഷ്യൻ സ്വദേശിയായ ദുരിയോ എന്ന ഈ ജനുസിന്റെ ജന്മ ദേശം ബോർണ്ണിയോ ആണെന്ന് കരുതപ്പെടുന്നു. മുള്ള് എന്നാണ് ദുരി എന്ന മലയ് വാക്കിന്റെ അർഥം. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളുടെ ചരിത്രവും സംസ്കാരവുമായി ഈ അമൂല്യമായ ഫലത്തിന് അഭേദ്യമായ ബന്ധമുണ്ട്. തായ് ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന ദുരിയാന്‍ ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ ട്രോപ്പിക്കല്‍ പഴങ്ങളില്‍ ഒന്നാണ്.
ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗമാണ് അസാധാരണമായ ഗന്ധം പുറപ്പെടുവിക്കുന്നത്. രൂക്ഷവും നാസാരന്ധ്രങ്ങളില്‍ തുളച്ചുകയറുന്നതുമായ പ്രത്യേക ഗന്ധം തോടുപൊളിച്ചില്ലെങ്കിലും പുറത്തുവരും. ഈ രൂക്ഷഗന്ധം ആദ്യമൊക്കെ അസഹ്യമാകാമെങ്കിലും രണ്ടോ മൂന്നോ പ്രാവശ്യത്തെ ഉപയോഗത്തിലൂടെ ആദ്യത്തെ മണമുളവാക്കുന്ന അസ്വസ്ഥത മാറി പൂര്‍ണമായി ദുരിയാന്റെ ആരാധകരായി മാറുന്നു എന്നതാണ് ഈ പഴത്തിന്റെ പ്രത്യേകത. ഒരുപക്ഷേ സ്വാദുകൊണ്ട് ഇത്രയേറെ ആരാധകരും ഗന്ധം കൊണ്ട് ഇത്രയധികം വിരോധികളുമുള്ള മറ്റൊരു പഴം സസ്യകുടുംബത്തില്‍തന്നെ ഉണ്ടെന്നുതോന്നുന്നില്ല. എങ്കിലും അസാധാരണമായ ഈ (സു)ഗന്ധപ്രസരണത്തിനിടയിലും ഒരിക്കലെങ്കിലും ദുരിയാന്‍ കഴിച്ച ഒരാള്‍ക്കും അതിന്റെ സവിശേഷമായ സ്വാദ് ജീവിതത്തില്‍ മറക്കാനേ കഴിയില്ല.