പത്തനംതിട്ട : കേരള കോണ്‍ഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ വിക്ടര്‍ ടി തോമസിനെ റാന്നി എസ് ഐ കുരുവിള ജോര്‍ജ് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട എസ് പി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കുറ്റക്കാരനായ എസ് ഐ ക്കെതിരെ സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം സംസ്ഥാനത്തുടനീളം ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നു പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല വ്യക്തമാക്കി.
ജനകീയ കാര്‍ഷിക വിഷയങ്ങള്‍ ഉയര്‍ത്തി ജില്ലയിലുടനീളം ശക്തമായ സമരം സംഘടിപ്പിക്കുന്നതിനും അതു വിജയിപ്പിക്കുന്നതിനും നേതൃത്വം കൊടുക്കുന്ന വിക്ടറിനെ അടിച്ചമര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പോലീസിന്റെ കരുതിക്കൂട്ടിയുള്ള ഈ പ്രവര്‍ത്തനമെന്ന് അജിത്ത് മുതിരമല ആരോപിച്ചു. ഓരോ ദിവസവും അഴിമതിയില്‍ മുങ്ങിക്കുളിച്ചു കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം ജനാധിപത്യ കേരളത്തില്‍ വിലപോകില്ല എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ഇടത്താവളത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് എസ് പി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം കരിദിനം ആചരിച്ചു കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ അഡ്വക്കറ്റ് ബാബു വര്‍ഗീസ്, റോയി ചാണ്ടപിള്ള, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജേഷ്, ജെന്‍സി കടുവങ്കല്‍, കുഞ്ഞുമോന്‍ കിങ്കിരേത്ത്, അനീഷ് വി ചെറിയാന്‍, എ കെ ജോസ്, തോമസുകുട്ടി കുമ്മണ്ണൂര്‍ , ബനിന്‍ ജോര്‍ജ് മാത്യു, സിറില്‍ സി മാത്യു, ബിജു അലക്‌സ് മാത്യു, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൂസന്‍ ജോര്‍ജ്, അഡ്വക്കറ്റ് മഞ്ജു കെ നായര്‍, സന്തോഷ് വര്‍ഗീസ്, റോയി പുത്തന്‍പറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.