പൂച്ചാക്കല്‍ : പാണാവള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡ് പള്ളി കുളങ്ങരയില്‍ ഡി.വൈ.എഫ്.ഐ ബി.ജെ.പി സംഘര്‍ഷം. പള്ളി കുളങ്ങരയില്‍ പുതിയതായി നിര്‍മിച്ച അംഗന്‍വാടിക്ക് സുരക്ഷയൊരുക്കുന്നതിന് വേലി കെട്ടുന്നത് സംബന്ധിച്ച തര്‍ക്കമാണ് ഇരു കൂട്ടരും തമ്മില്‍ അടിപിടിയില്‍ കലാശിച്ചത്. ഞായറാഴ്ച രാവിലെ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ജിതിന്റെ നേതൃത്വത്തില്‍ അംഗന്‍വാടിക്ക് സുരക്ഷയൊരുക്കാന്‍ വേലി കെട്ടാനാരംഭിച്ചത്. ഇത് ചോദ്യം ചെയ്യാനെത്തിയ ബി.ജെ.പി എട്ടാം വാര്‍ഡ് മെംബര്‍ ലീനയും സംഘവും ഡി.വൈ.എഫ്.ഐ കെട്ടിയ വേലി പത്തലുകള്‍ ഊരിക്കളയുകയാണുണ്ടായത്. ഒമ്ബതാം വാര്‍ഡ് ബി.ജെ.പി മെംബറായ മിഥുന്‍ ലാലും സംഘത്തിലുണ്ടായിരുന്നു.
അംഗന്‍വാടിക്ക് സുരക്ഷയൊരുക്കാന്‍ വേലി കെട്ടുന്നതിനായി അംഗന്‍വാടി ടീച്ചര്‍ സേവ ഭാരതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ എത്തി അത് ചെയ്തോളുമെന്നും തന്റെ വാര്‍ഡില്‍ വേറെ ആരും ഇടപെടേണ്ടതില്ല എന്നും പറഞ്ഞാണ് വാര്‍ഡ് മെംബര്‍ ഡി.വൈ.എഫ്.ഐ നാട്ടിയ വേലി കുറ്റികള്‍ ഊരി മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അനുവാദ പ്രകാരമാണ് വേലി കെട്ടാനെത്തിയതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും വാദിച്ചു. നാട്ടുകാരിടപെട്ടാണ് ഇരു കൂട്ടരെയും പിടിച്ച് മാറ്റിയത്.
ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് ജിതിന്‍, ട്രഷറര്‍ അഞ്ജലി, സറിന്‍, ഷിബു, അജു എന്നിവരെ ബി.ജെ.പി വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ ആക്രമിച്ചു എന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ യും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബി.ജെ.പി വാര്‍ഡ് മെംബര്‍മാരെ മര്‍ദിച്ചു എന്നാരോപിച്ച് ബി.ജെ.പിയും രംഗത്ത് വന്നിട്ടുണ്ട്.