പത്തനംതിട്ട : പതിനഞ്ചാം ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും ശബരിമല ഇടത്താവളത്തിലെ വേദിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സാഹിത്യകാരന്‍ സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും. 635 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പത്തനംതിട്ടയിലാണ് സമ്മേളനത്തിന് പ്രൗഡ ഗംഭീര തുടക്കമായത്. ആയിരങ്ങളെ സാക്ഷിയാക്കി സ്വാഗത സംഘം ചെയര്‍മാനും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ കെ.പി ഉദയഭാനു പതാക ഉയര്‍ത്തി. മലയോര നാട്ടിലേക്കെത്തിയ യുവതയുടെ ആദ്യ സമ്മേളനത്തിന്റെ പതാക, കൊടിമര ദീപശിഖാ ജാഥകള്‍ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടില്‍ നിന്ന് ചിന്താ ജെറോമിന്റെ നേതൃത്വത്തിലുളള കൊടിമര ജാഥ, പെരിങ്ങരയിലെ പി.ബി സന്ദീപ് കുമാര്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.യു ജനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ദീപശിഖാ ജാഥ, കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് എസ്.കെ സജീഷ് ക്യാപ്റ്റനായ പതാക ജാഥ എന്നിവ വിവിധ കേന്ദ്രങ്ങള്‍ കടന്ന് പൊതുസമ്മേളന നഗരിയായ പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഗമിച്ചു. ബാന്റ് മേളങ്ങളുടെയും പതിനായിരകണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെയാണ് മൂന്ന് ജാഥകളും മുനിസിപ്പല്‍ സറ്റേഡിയത്തിലേക്കെത്തിയത്. തുടര്‍ന്ന് ജാഥകളെ സ്വീകരിച്ച് സ്വാഗത സംഘം, ചെയര്‍മാന്‍ കെ.പി ഉദയഭാനു പതാക ഉയര്‍ത്തി. 30 ന് നടക്കുന്ന സമാപന പൊതുസമ്മേളനം വൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. ലക്ഷം പേരെ അണിനിരത്തിയുള്ള കൂറ്റന്‍ റാലിയും സമാപന ദിവസം നടക്കും.