തൃശ്ശൂര്‍: ഡിവൈഎഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകനെ 9 വർഷം കഠിന തടവിനും 15000/- രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചാവക്കാട് എടക്കഴിയൂർ നാലാം കല്ല് പടിഞ്ഞാറെ ഭാഗം കിഴക്കത്തറ ഷാഫിയെയാണ് ശിക്ഷിച്ചത്. 30 വയസുകാരനായ ഷാഫി എസ്ഡിപിഐ പ്രവർത്തകനാണ്. ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായാണ് ഇയാളെ ശിക്ഷിച്ചത്. കേസിലെ ഒന്നും, മൂന്നും, പ്രതികളെ നേരത്തെ 9 കൊല്ലം തടവും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചിരുന്നു. ആ സമയം രണ്ടാം പ്രതിയായ ഷാഫി ഒളിവിലായിരുന്നു. സംഭവം നടന്നത് 2018 ഏപ്രിൽ 26 നാണ്. ഡിവൈഎഫ്ഐ പ്രവർത്തകരായ എടക്കഴിയൂർ നാലാംകല്ലിൽ കറുപ്പം വീട്ടിൽ ബിലാലും നാലാം കല്ലുള്ള പണിച്ചാംകുളങ്ങര സാദിഖ്, നാലാംകല്ലിൽ തന്നെയുള്ള മനയത്ത് നഹാസ് എന്നിവർ ഒന്നിച്ച് ചാലിൽ കരീം എന്നയാളുടെ പറമ്പിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് ഒന്നാം പ്രതി മുബിൻ രണ്ടാം പ്രതി ഷാഫി, മൂന്നാം പ്രതി നസീർ എന്നിവർ വാളും ഇരുമ്പ് പൈപ്പുമായി ബൈക്കിൽ വന്ന് ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് കേസ്.
ബിലാലും മൂന്നാം പ്രതിയായ നസീറുമായി മുമ്പ് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധം വച്ചാണ് ബിലാലിനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ പ്രതികൾ ആക്രമണം നടത്തിയത്. “അവനെ കൊല്ലടാ…നീ ഇനിയും ഞങ്ങൾക്കെതിരെ കേസുകൊടുക്കെടാ ” എന്നു പറഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്. ഓടികൂടിയവരെ പ്രതികൾ വാൾ വീശിയൂം ഇരുമ്പു പൈപ്പ് വീശിയും വിരട്ടിയോടിച്ച് വന്ന ബൈക്കിൽ തന്നെ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടനെ ആംബുലൻസിൽ മുതുവട്ടൂർ രാജ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. ഒന്നാം പ്രതി മുബിൻ പുന്ന നൗഷാദ് കൊലപാതക കേസിലെ ഒന്നാം പ്രതിയാണ്. പിഴ സംഖ്യ മുഴുവൻ പരിക്ക് പറ്റിയ ബിലാലിന് നൽകാൻ വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയി. വിചാരണ വേളയിൽ 23 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.