തിരുവല്ല : മണിമലയാറ്റിലെ പുളിക്കീഴ് കടവില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പന്തളം കുടശ്ശനാട് കണ്ടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ പ്രസാദ് ലക്ഷ്മണന്‍ (41) ന്റെ മൃതദേഹമാണ് അഗ്നിശമന സേനയും സ്കൂബാ ടീമും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെ കടവില്‍ കുളിക്കാനിറങ്ങിയ പ്രസാദിനെ കാണാതാവുകയായിരുന്നു. ഇയാളുടെ ബാഗും ചെരുപ്പും കടവിന് സമീപത്ത് നിന്നും പുളിക്കീഴ് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നി ശമന സേന വൈകീട്ട് വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വ്യാഴാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ച തെരച്ചിലിലാണ് കടവില്‍ നിന്നും അര കിലോമീറ്റര്‍ മാറി മൃതദേഹം കണ്ടെടുത്തത്. സ്ക്യൂബാ ടീം അംഗങ്ങളായ സി.രമേശ് കുമാര്‍, വി.ആര്‍ ഗോപകുമാര്‍ , എ. അനീഷ് കുമാര്‍, കെ.രഞ്ജിത് , ഹോം ഗാര്‍ഡ് കെ.ജി അനില്‍, തിരുവല്ല സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ അഭിലാഷ്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസർന്മാരായ ജയന്‍ മാത്യു, പി.കെ ഷിജു എന്നിവര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.