തിരുവനന്തപുരം:വിജിലന്‍സ് ഡിവൈഎസപി വേലായുധന്‍ നായരെ മുങ്ങാന്‍ അനുവദിച്ചതാണെന്ന ആരോപണം ശക്തം. കൈക്കൂലി കേസില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലെ പ്രതിയായ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പിയുടെ തിരോധാനത്തില്‍ അടിമുടി ദുരൂഹത.വിജിലന്‍സ് പ്രതിയാക്കിയ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി പി. വേലായുധന്‍ നായര്‍, കഴക്കൂട്ടത്തെ വീട്ടിലെ വിജിലന്‍സ് റെയ്ഡിനിടെ മുങ്ങി.
സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാം യൂണിറ്റാണ് വേലായുധന്‍ നായരുടെ വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ ഡിവൈ.എസ്.പി വീട്ടിലുണ്ടായിരുന്നു. രാത്രി ഒമ്പതരയ്ക്ക് റെയ്ഡ് തീരാറായപ്പോള്‍, സ്റ്റേറ്റ്മെന്റുകളില്‍ ഒപ്പിട്ട ശേഷം വേലായുധന്‍ നായര്‍ വീടിനു പിന്നിലൂടെ കടന്നുകളയുകയായിരുന്നു. റെയ്ഡിന് നേതൃത്വം നല്‍കിയ വിജിലന്‍സ് എസ്.പി കഴക്കൂട്ടം സ്റ്റേഷനില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. കഴക്കൂട്ടം അസി.കമ്മിഷണര്‍ക്ക് ഒഫിഷ്യല്‍ റിപ്പോര്‍ട്ടും നല്‍കി. എന്നാല്‍ ഡിവൈ.എസ്.പിയെ കാണാതായെന്ന് ബന്ധുക്കളുടെ പരാതിയില്ലാത്തതിനാല്‍ അന്വേഷണമില്ലെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.
റെയ്ഡ് ഉറപ്പായതോടെ വിജിലന്‍സിനെ വെട്ടിച്ച് മുങ്ങിയെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍, ഡിവൈ.എസ്.പിക്ക് മുകൂര്‍ ജാമ്യം നേടാനുള്ള അവസരമൊരുക്കുകയാണ് വിജിലന്‍സ് ചെയ്തതെന്നാണ് അറിയുന്നത്. അതിനാണ് റെയ്ഡ് തീരാറായപ്പോള്‍ ഡിവൈ.എസ്.പിയെ രക്ഷപെടാന്‍ അനുവദിച്ചത്. റെയ്ഡില്‍ വേലായുധന്‍ നായരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് മുങ്ങിയതെന്നാണ് സൂചന. വീട്ടിലും പരിസരത്തും വിജിലന്‍സ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേലായുധന്‍ നായരെ സസ്പെന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഡിവൈ.എസ്.പിയായതിനാല്‍ സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്.
റവന്യു സംബന്ധിച്ച ആവശ്യവുമായെത്തിയ ആളില്‍നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതിന് തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്.നാരായണനെയും ഓഫീസ് അറ്റന്‍ഡര്‍ ഹസീനാ ബീഗത്തെയും പത്തനംതിട്ട വിജിലന്‍സിലായിരുന്ന വേലായുധന്‍ നായര്‍ അറസ്റ്റ് ചെയ്തിരുന്നു. അത് വിജിലന്‍സിനു പറ്റിയ പിശകാണെന്ന് ചൂണ്ടിക്കാട്ടി വേലായുധന്‍ നായര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. 2021 സെപ്തംബര്‍ 30ന് ചെങ്ങന്നൂരിലെ ഫെഡറല്‍ ബാങ്കിലെ നാരായണന്റെ അക്കൗണ്ടില്‍ നിന്ന് ഇതേ ബാങ്കിന്റെ കഴക്കൂട്ടം ശാഖയിലേക്ക് 50,000 കൈമാറിയിരുന്നു. വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തില്‍ ഈ അക്കൗണ്ട് വേലായുധന്‍ നായരുടെ മകന്‍ ശ്യാംലാലിന്റേതാണെന്ന് കണ്ടെത്തി. തുടരന്വേഷണത്തില്‍ വേലായുധന്‍ നായരും പ്രതിയായ നാരായണനും തമ്മില്‍ നടത്തിയ വാട്ട്‌സ്‌ആപ്പ് ചാറ്റുകളും കണ്ടെത്തിയാണ് കേസെടുത്തത്.
വേലായുധന്‍ നായരും അടുത്തിടെ കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ്.നാരായണനുമായി സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ നടത്തിയതിന്റെ തെളിവുകള്‍ വിജിലന്‍സിനു നേരത്തേ ലഭിച്ചിരുന്നു. എസ്.നാരായണന്‍ അവിഹിത സ്വത്തു സമ്പാദിച്ചെന്ന കേസ് എഴുതിത്തള്ളാന്‍ വേലായുധന്‍ നായര്‍ 50,000 രൂപ കൈപ്പറ്റിയതിന്റെ രേഖകളും വിജിലന്‍സ് ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലുമായി നാരായണന്‍ ഒട്ടേറെ വസ്തുക്കള്‍ വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. നാരായണനെയും തിരുവല്ല മുനിസിപ്പാലിറ്റി ഓഫിസ് അസിസ്റ്റന്റ് ഹസീന ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്ബോള്‍ 2 ആഴ്ച മുന്‍പു വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിനിടെയാണു വേലായുധന്‍ നായരും നാരായണനും മുന്‍പു നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരി വിദ്യാധരന്‍ കണ്ടെത്തിയത്.
നാരായണനെതിരായ അവിഹിത സ്വത്തു സമ്പാദന കേസ് അന്വേഷിച്ചിരുന്നതു സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയായിരുന്ന വേലായുധന്‍ നായരായിരുന്നു. ഇതിനു പിന്നാലെ നാരായണനെതിരായ കേസ് ‘മിസ്റ്റേക്ക് ഓഫ് ഫാക്‌ട്’ ആണെന്നും തുടര്‍നടപടി ആവശ്യമില്ലെന്നും കാണിച്ചു വിജിലന്‍സ് കോടതിയില്‍ നാരായണനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പി റെജി ജേക്കബ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാമിനു കൈമാറിയതിനു പിന്നാലെയാണു വേലായുധന്‍ നായര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചത്.