തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇ-ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് പദ്ധതി ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഹൈടെക് സംവിധാനങ്ങൾ ഭാഷാപഠനത്തിന് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ലാബിലുടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൈറ്റ് രൂപകൽപ്പന ചെയ്ത ഇ ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് സെക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെത്തുന്ന ഓരോ വിദ്യാർഥിയും മാതൃഭാഷ കൂടാതെ രണ്ട് ഭാഷകൾ കൂടി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഇതരഭാഷകൾ ഒരേപോലെ ഉപയോഗിക്കാൻ എല്ലാ കുട്ടികൾക്കും കഴിയുക എന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ പ്രാവീണ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് 2022 ൽ ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് നടപ്പിലാക്കിയത്. കേന്ദ്രസർക്കാരിനു കീഴിലുള്ള ബെംഗളൂരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തിയ പഠനത്തിൽ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനു തുടർച്ചയായാണ് ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പ്ലാറ്റ്ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കുട്ടികളുടെ ഹിന്ദി ഭാഷാ പ്രാവീണ്യം ഉയർത്തുന്നതിനായി ഇ-ക്യൂബ് ഹിന്ദി ഭാഷാ പ്രയോഗ്ശാല സോഫ്റ്റ്വെയർ കൈറ്റ് വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയറിലാണ് തയ്യാറാക്കിയിട്ടുള്ളത്. സ്‌കൂളുകളിൽ നിലവിലുള്ള കമ്പ്യൂട്ടറുകൾ പ്രയോജനപ്പെടുത്തി ഹിന്ദി ലാംഗ്വേജ് ലാബ് സോഫ്റ്റ്വെയർ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയും. ഇതിൽ കുട്ടികൾക്കും അധ്യാപകർക്കും പ്രഥമാധ്യാപകർക്കുമുള്ള ലോഗിനുകൾ ഉണ്ട്. കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയും. ഓഡിയോ-വീഡിയോ റെക്കോർഡ് ചെയ്യാനും ഭാഷാവ്യവഹാര രൂപങ്ങൾ നിർമ്മിക്കാനുമുള്ള ഗെയിം അധിഷ്ഠിത ഇന്ററാക്ടീവ് പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കും. അധ്യാപകർക്ക് ഓരോ കുട്ടിയും പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ കാണാനും വിലയിരുത്താനും മെച്ചപ്പെടുത്താനുള്ള പിന്തുണ നൽകാനും പഠനപുരോഗതി നിരീക്ഷിക്കാനും കഴിയുന്ന തരത്തിലാണ് സോഫ്റ്റുവെയർ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും സർക്കാർ നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രൈമറി മേഖലയിലെ ഐ.ടി പഠനവും ഐ.ടി സഹായകപഠനവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും നടന്നുവരുന്നു. നവീകരിച്ച ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനപ്പെടുത്തിയുള്ള പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനങ്ങൾ പൂർത്തിയായി വരുന്നു. പ്രൈമറിതലത്തിൽ കാര്യക്ഷമമായി ഐ.സി.ടി പഠനം ഉറപ്പുവരുത്താൻ പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം നൽകിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു.