ഓമല്ലൂർ : രക്തകണ്ഠസ്വാമിക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ അന്തിമതീരുമാനമായി. ദേവസ്വം അധികൃതർ കര കമ്മിറ്റി പ്രതിനിധികളുമായി ഓമല്ലൂരിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഉത്സവത്തോടനുബന്ധിച്ച് കൊടിയേറ്റ് സദ്യ, ഓട്ടൻതുള്ളൽ, മതപ്രഭാഷണം, മൈക്ക്, ദീപാലങ്കാരം, മൂന്നാം ദിനത്തിലെ കഥകളി എന്നിവ ദേവസ്വം ബോർഡ് നടത്തും. എഴുന്നള്ളത്ത്, രാത്രികാല ഉത്സവപരിപാടികൾ എന്നിവയ്ക്ക് കരക്കമ്മിറ്റി നേതൃത്വം വഹിക്കാനും ധാരണയായി.
ഉത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രാത്രിയിലെ പരിപാടികൾ പരിമിതമാക്കേണ്ടിവരുമെന്ന് കമ്മിറ്റി അംഗങ്ങൾ ദേവസം ബോർഡ് അധികൃതരോട് പറഞ്ഞു. പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ശ്രീധരശർമ, എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ആർ. ശ്രീശങ്കർ, ആറന്മുള അസിസ്റ്റന്റ് ദേവസം കമ്മിഷണർ രേവതി, ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ നമ്പൂതിരി, ഓമല്ലൂർ സബ് ഗ്രൂപ്പ് ഓഫീസർ ലേഖ എന്നിവരാണ് കരപ്രതിനിധികളുമായി ചർച്ച നടത്തിയത്.