ന്യൂഡല്‍ഹി: പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപന തീരുമാനം രാജ്യദ്രോഹപരമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. പ്രാദേശിക ഭാഷകളില്‍ കരട് വിജ്ഞാപനം പുറത്തിറക്കാതെയുള്ള കേന്ദ്ര നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും മേധാ പട്കര്‍ പറഞ്ഞു.
വലിയൊരു വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്തുന്നു. രാജ്യദ്രോഹപരായ തീരുമാനമാണിത്, കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണം. പ്രകൃതി വിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരെയുള്‍പ്പെടെ ഇത് ഗുരുതരമായി ബാധിക്കും. കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍, ആദിവാസികള്‍, തൊഴിലാളികള്‍ എല്ലാവരെയും ഇത് ബാധിക്കും. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതിന് പിന്നില്‍ കേന്ദ്രത്തിന് വ്യക്തമായ അജണ്ടയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സുനാമിയും ഓഖിയും പോലെ വലിയ ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി. ജനാധിപത്യവിരുദ്ധവും രാജ്യത്തോടുള്ള വെല്ലുവിളിയുമാണ് പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനമെന്നും മേധാ പട്കര്‍ വ്യക്തമാക്കി.