എറണാകുളം : മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പാർട്ടി അത്തരമൊരു നിർദേശം വെച്ചാൽ സ്വീകരിക്കും. ഇപ്പോഴത്തെ വിവാദങ്ങളിൽ വിഷമമില്ല. ജനസേവനം മാത്രമാണ് തന്‍റെ ലക്ഷ്യം. ഒരു പദവിയും ആഗ്രഹിച്ചല്ല ബി.ജെ.പിയിൽ ചേർന്നതെന്നും ഇ. ശ്രീധരൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വിജയയാത്രക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിലാണ് ഇ. ശ്രീധരന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വരണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടത്. അഴിമതിയില്ലാത്ത വികസന മാതൃക കേരളത്തിന് വേണമെന്നത് കൊണ്ടാണ് ശ്രീധരന്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. മോദി സർക്കാർ കേരളത്തിന് നൽകുന്ന വികസന പ്രവർത്തനങ്ങൾ ശ്രീധരന്‍റെ നേതൃത്വത്തിൽ എൻ.ഡി.എക്ക് ലഭിച്ചാൽ ഇരട്ടിയായി വർധിപ്പിക്കാൻ സാധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
എന്നാൽ പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെ. സുരേന്ദ്രൻ ഇന്നലെ നടത്തിയ പ്രസ്താവന നിഷേധിച്ചു. ഇ. ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ശ്രീധരൻ മുന്നിൽ നിന്ന് നയിക്കണമെന്ന് ജനങ്ങളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരൻ മുന്നിൽ നിന്ന് നയിക്കും. മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.