മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ മെല്‍ബണിന് സമീപം 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 9:15 മണിക്ക് നഗരത്തിന് കിഴക്ക് അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ തീവ്രത 5.8 രേഖപ്പെടുത്തിയ യുഎസ് ജിയോളജിക്കല്‍ സര്‍വേ, 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തില്‍ ഉണ്ടായതായി അറിയിച്ചു. ഭൂചലനം ആസ്ത്രേലിയയിലെ വളരെ അപൂര്‍വമായ സംഭവങ്ങളാണ്.
രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണുണ്ടായതെന്ന് ജിയോ സയന്‍സ് ആസ്ത്രേലിയ പറഞ്ഞു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബണില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അയല്‍ സംസ്ഥാനങ്ങളിലുടനീളം ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടാവുകയും ചെയ്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ വിക്ടോറിയ സംസ്ഥാനത്തെ ഗ്രാമീണ പട്ടണമായ മാന്‍സ്ഫീല്‍ഡിന് സമീപം മെല്‍ബണിന് വടക്കുകിഴക്കായി 200 കിലോമീറ്റര്‍ (124 മൈല്‍), 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി.
ഓസ്ട്രേലിയയിലെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍ ഗണ്യമായ ഭൂകമ്പങ്ങള്‍ അസാധാരണമാണ്. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയതാണ് ഈ ഭൂമികുലുക്കം എന്നാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ മെല്‍ബണിലെ ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി കാണപ്പെട്ടു, കെട്ടിടങ്ങളില്‍ നിന്ന് ഇഷ്ടികകള്‍ അടര്‍ന്നു വീണു. റോഡുകള്‍ വിണ്ടു കീറി.
കെട്ടിടം മുഴുവന്‍ കുലുങ്ങിയെന്നും എല്ലാ ജനലുകളും ഗ്ലാസ്സുകളും കുലുങ്ങിയെന്നും മെല്‍ബണിലെ ഇന്ത്യന്‍ ഗ്രോസറി നടത്തുന്ന മലയാളി പറഞ്ഞു. ഇതിനു മുമ്പ് ഇത്തരം ഒരനുഭവം ഉണ്ടായിട്ടില്ലെന്നും ഇത് ഭയപ്പെടുത്തുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആളുകള്‍ക്ക് വൈദ്യുതിയില്ലാതായെന്നും കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ ആസ്ത്രേലിയ സംസ്ഥാനത്ത് പടിഞ്ഞാറ് 800 കിലോമീറ്റര്‍ (500 മൈല്‍) അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് വടക്ക് 900 കിലോമീറ്റര്‍ (600 മൈല്‍) അകലെ സിഡ്നിയും വരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള ഡബ്ബോ വരെ സഹായത്തിനായി വിളികള്‍ ലഭിച്ചതായി അടിയന്തിര സേവന കേന്ദ്ര വക്താവ് അറിയിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് സംസാരിച്ച പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, പരിക്കുകളെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ടുകളൊന്നുമില്ലെന്ന് പറഞ്ഞു.