കൊച്ചി: യേശു ക്രിസ്തുവിന്റെ ത്യാഗസ്മരണകള്‍ പുതുക്കിയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മപ്പെടുത്തലുമായി ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷത്തില്‍. ലോകത്തിന്റെ പാപങ്ങള്‍ സ്വന്തം ചുമലില്‍ ഏറ്റുവാങ്ങി യേശുക്രിസ്തു കുരിശു മരണം വരിച്ച ശേഷം മൂന്നാംനാള്‍ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയ്ക്കായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദുഃഖ വെള്ളിക്ക് ശേഷമുള്ള ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആഘോഷിക്കുന്നത്. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായി വിശേഷിപ്പിക്കുന്ന ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പ് ആചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.
മരണത്തെ കീഴടക്കി യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദസൂചകമായി ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍, ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ തുടങ്ങിയവ നടത്തും. യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃക കാണിക്കുകയയും ചെയ്ത ദിനം പെസഹാ വ്യാഴമായും തൊട്ടടുത്തുള്ള ദിവസം ദുഖവെള്ളിയായും കണക്കാക്കുന്നു. ഈ ദിവസം ക്രൈസ്തവ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരിമലയിലെ കുരിശു മരണത്തെയും അനുസ്മരിക്കുന്നു.