ന്യൂഡല്‍ഹി : രാജ്യത്ത് വലിയ രീതിയിൽ ക്യൂആർ കോഡ് തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ നിരവധി കേസുകൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകളിലൂടെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുവർ സൂക്ഷിക്കേണ്ടതാണ്. പണമിടപാടിനുള്ള നിയമാനുസൃതമായ കോഡുകളാണ് ക്യൂആർ കോഡുകൾ. എന്നാൽ തട്ടിപ്പുകാർ ഇപ്പോൾ വ്യാജ ക്യൂആർ കോഡുകളും നിർമ്മിക്കുന്നുണ്ട്. ഇതിൽ ഇരയുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ മോഷ്ടിക്കുന്ന മാൾവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നു. ഇതോടെ സംഭവം അറിയാതെ കോഡ് സ്കാൻ ചെയ്യുന്ന ഉപഭോക്താക്കളുടെ ബാങ്ക് വിവിരങ്ങൾ അടക്കം ഉള്ളവ തട്ടിപ്പുകാർക്ക് ലഭിക്കും. പിന്നീട് ഈ വിവിരങ്ങൾ വെച്ച് ഇവർ പണം തട്ടിയെടുക്കും.
ഒരു ക്യൂആർ കോഡ് ഒറിജിനൽ ആണോ വ്യാജം ആണോ എന്നതാണ് വരുന്ന കാലങ്ങളിൽ ഉപഭോക്താക്കൾ നേരിടാൻ പോകുന്ന പ്രധാന പ്രശ്നം. ഇത്തരം കോഡുകൾ വ്യാജമോണോ യഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ സാധിക്കില്ല എന്നത് തന്നെയാണ് തട്ടിപ്പുകാർക്ക് ധൈര്യം നൽകുന്നത്. ഇവിടെ തന്നെയാണ് പ്രശ്നം ഗുരുതരം ആകുന്നത്. ഇന്ന് ഭൂരിഭാഗം ആളുകളും പലയിടങ്ങളിലും ക്യൂആർ കോഡ് വഴിയാണ് പണമിടപാട് നടത്തുന്നത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഇത്തരം കോഡുകളോട് ഉപഭോക്താക്കൾ അകലം പാലിക്കേണ്ടതാണ്.
സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയാണെങ്കിൽ പേമെന്റിനായി ഇത്തരം കോഡുകൾ ഒഴിവാക്കുക. ഇതിന് പുറമെ വാട്സ്ആപ്പ്, ടെലഗ്രാം, മെയിൽ വഴി ഒക്കെ വരുന്ന ക്യൂആർ കോഡുകളും ഉപഭോക്താക്കൾ ഒഴിവാക്കേണ്ടതാണ്. ഇത്തരക്കാരോട് അകലം പാലിക്കുക എന്നത് തന്നെയാണ് ഇങ്ങനെയുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള ആദ്യ മാർഗം. ഇവയിൽ നിന്ന് പൂർണമായും എങ്ങനെ രക്ഷനേടാമെന്ന് നമ്മുക്ക് പരിശോധിക്കാം. സംരക്ഷിതമായ ലൊക്കേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആർ കോഡുകൾ മാത്രമേ നിങ്ങൾ ഉപയോഗിക്കാവൂ. ഇല്ലാത്തപക്ഷം നിങ്ങൾ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. നിങ്ങൾ അധികം പരിജയമില്ലാത്തതോ അല്ലെങ്കിൽ സംശയം തോന്നുന്ന സാഹചര്യങ്ങളിലോ പണം അടയ്ക്കേണ്ടി വരുമ്പോൾ ക്യൂആർ കോഡ് രീതി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും രീതിയിൽ പണമിടപാട് നടത്തുക. സുരക്ഷിതമായ ഓൺലൈൻ സൈറ്റുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാനും ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.