ന്യൂഡല്‍ഹി : സംവരണ ആനുകൂല്യമുള്ള ഒബിസി വിഭാഗത്തെ വീണ്ടും രണ്ടായി തിരിക്കരുതെന്ന് സുപ്രീം കോടതി. ഹരിയാന സർക്കാരിന്റെ വിവാദ നടപടിയാണ് എൽ നാഗേശ്വര റാവു, അനിരുദ്ധ് ബോസ് എന്നിവരുടെ സുപ്രീം കോടതി ബെഞ്ച് റദ്ദാക്കിയത്. നോൺ ക്രീമിലെയർ ഒബിസിയെ ഹരിയാന സർക്കാർ രണ്ടായി വിഭജിച്ചിരുന്നു. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് കൂടുതൽ പരിഗണന നൽകാനാണ് ഉത്തരവിറക്കിയത്.
മൂന്നു ലക്ഷം മുതൽ ആറു ലക്ഷംവരെ വരുമാനമുളളവരെ രണ്ടാമത് പരിഗണിച്ചാൽ മതി എന്നായിരുന്നു സർക്കാർ ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും നോൺ ക്രീമിലെയറിനെ വീണ്ടും സാമ്പത്തികമായി വിഭജിക്കുന്നത് നീതി നിഷേധമാണെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു. ഇതാണ് സുപ്രീംകോടതി ശരിവെച്ചത്. പുതിയ വിജ്ഞാപനം മൂന്ന് മാസത്തിനുള്ളിൽ പുറത്തിറക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ റദ്ദാക്കിയ വിജ്ഞാപനത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്ത് ഇതിനോടകം നടന്നിട്ടുള്ള നിയമനങ്ങളും അഡ്മിഷനുകളും ഇല്ലാതാക്കരുതെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഇതിന്റെ കാരണം കോടതി ഉത്തരവ് പ്രസിദ്ധീകരിക്കപ്പെട്ടാലേ മനസിലാവൂ. മുൻപ് 2018 ഓഗസ്റ്റ് ഏഴിനായിരുന്നു പഞ്ചാബ് – ഹരിയാന ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാരിനെതിരെ നടപടിയെടുത്തത്. സർക്കാരിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്.