കൊച്ചി: കള്ളപ്പണക്കേസുകളിൽ ഇഡി രണ്ടുപതിറ്റാണ്ടിനിടെ കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ. രാജ്യത്തെ വിവിധകോടതികളിലായി 1739 കുറ്റപത്രങ്ങളും സമർപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ ഇഡി കേസുകളുടെ എണ്ണം കുത്തനെയുയർന്നു. കഴിഞ്ഞവർഷം മാത്രം 30,000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇഡിയുടെ വാർഷിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു. കണ്ടുകെട്ടലുകളിൽ ഒരുവർഷത്തിനിടെ 141 ശതമാനത്തിന്റെ വർധനയുണ്ടായി. അതേസമയം അറസ്റ്റുകളിൽ 21 ശതമാനത്തിന്റെ കുറവുണ്ടായി. 2024-25 സാമ്പത്തികവർഷം 30 കേസിലായി കണ്ടുകെട്ടിയ 15,261 കോടി രൂപയുടെ സ്വത്ത് ഇരകൾക്ക് തിരിച്ചുനൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണ ഏജൻസി എന്നനിലയിൽ ഇഡി നിലവിൽവന്നത് 1956 മേയ് ഒന്നിനാണ്. ആദ്യകാലത്ത് വിദേശനാണ്യനിയന്ത്രണ ചട്ടത്തിന്റെ (ഫെറ) ലംഘനംമാത്രം അന്വേഷിക്കാൻ ചുമതലയുള്ള ഏജൻസിയായിരുന്നു. ഫെറ പിന്നീട് വിദേശനാണ്യ വിനിമയ ചട്ടമായി (ഫെമ). എന്നാൽ, 2002-ൽ കള്ളപ്പണംവെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) വന്നതോടെ ഇഡിയുടെ അധികാരങ്ങൾ വിശാലമായി. 2005 മുതൽ ഈ നിയമം നടപ്പാക്കിത്തുടങ്ങിയതോടെയാണ് ഇഡി കേസുകൾ കൂടാൻതുടങ്ങിയത്.കള്ളപ്പണ ഇടപാടുകളിൽത്തന്നെ ആദ്യഘട്ടത്തിൽ മയക്കുമരുന്നുബന്ധമുള്ള കേസുകളായിരുന്നു രജിസ്റ്റർചെയ്തിരുന്നവയിലേറെയും.
അതിൽത്തന്നെ 30 ലക്ഷം രൂപയെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിലേ ഇഡിക്ക് കേസെടുക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. 2012-ൽ പിഎംഎൽഎ നിയമം ഭേദഗതിചെയ്തതോടെയാണ് ഈ പരിധി എടുത്തുകളഞ്ഞത്.ഇക്കാരണങ്ങളാൽ 2014 മാർച്ചുവരെ 1883 കേസ് മാത്രമായിരുന്നു രജിസ്റ്റർചെയ്തത്. എന്നാൽ, 2014 ഏപ്രിൽമുതൽ 2024 മാർച്ചുവരെ ഇഡി കേസുകൾ കുത്തനെയുയർന്നു. ഈ കാലയളവിൽ 5113 കേസിലാണ് അന്വേഷണം നടന്നത്. ഇഡിക്ക് കേസുകൾ രജിസ്റ്റർചെയ്യാൻ കുറ്റപത്രംവേണമെന്ന നിബന്ധന ഒഴിവാക്കിയതും കേസുകൾ കൂടാൻ കാരണമായി. ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർചെയ്താൽ ഇഡിക്ക് കേസെടുക്കാമെന്ന സ്ഥിതിവന്നു.