കൊച്ചി : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് അടക്കം എട്ടു കേസുകളിൽ പ്രതികളിൽ നിന്നു കണ്ടുകെട്ടിയ സ്വത്തുക്കളും വസ്‌തുവകകളും തട്ടിപ്പിനിരയായവർക്ക് തിരികെക്കൊടുക്കാൻ നടപടി ആരംഭിച്ചതായി എൻഫോഴ്‌സ്മെന്റ്റ് ഡയറക്‌ടറേറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോൾ കരുവന്നൂർ കേസിലെ പ്രതികളിൽ നിന്നു പണം പിടിച്ചെടുത്ത് തട്ടിപ്പിനിരയായവർക്കു തിരികെ നല്‌കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. സംസ്ഥാനത്ത് ആദ്യമാണ് പ്രതികളിൽ നിന്നു കണ്ടുകെട്ടിയ പണം തട്ടിപ്പിനിരയായവർക്ക് ഇ ഡി നേരിട്ടു മടക്കിക്കൊടുക്കുന്നതെന്ന് ഇ ഡി കൊച്ചി യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ്. സിമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതിൻ്റെ തുടക്കമായി കാരക്കോണം ഡോ.എസ്.എം സിഎസ്ഐ മെഡിക്കല്‍ കോളേജില്‍ സീറ്റ് വാഗ്ദാനം ചെയ്‌ത് ഏഴു കോടി രൂപ തട്ടിയ കേസിൽ പ്രതികളിൽ നിന്നു കണ്ടുകെട്ടിയ പണം ഇഡി ഇരകൾക്ക് കൈമാറി. വിദ്യാർത്ഥികളുടെ മാതാപിതാക്കളായ ആറു പേർക്കാണ് കൊച്ചി ഇ ഡി യുണിറ്റ് 89.75 ലക്ഷം കൈമാറിയത്. കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകളിൽ ഇരകളായവർക്കും കണ്ടുകെട്ടിയ തുക സമാന തരത്തിൽ
വിതരണം ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കാനാണ് ഇ ഡി നീക്കം. സാമ്പത്തികത്തട്ടിപ്പു കേസുകളിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കുകയെന്നതു മാത്രമല്ല പരാതിക്കാർക്ക് അതിന്റെ ആനുകൂല്യമെത്തിക്കുക എന്നതു കൂടിയാണ് ഇ ഡി ദൗത്യം. പത്തോളം കേസുകളിൽ പണം തിരികെക്കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സഹകരണ ബാങ്ക് തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് സാധാരണക്കാരെ ബാധിക്കുന്ന കേസുകളിലായിരിക്കും നടപടികൾ.