കൊച്ചി: വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ് നൽകി. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. നേരിട്ടെത്തുകയോ പ്രതിനിധിയെ അയ്ക്കുകയോ ചെയ്യണമെന്നും നോട്ടീസിൽ ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ആറ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാൽ കൂടുതൽ തുകയിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് ഇഡി പരിശോധന.
ചില സംശയങ്ങൾ ചോദിക്കാനാണ് തന്നെ വിളിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിന് ശേഷം ഗോകുലം ഗോപാലൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും കോഴിക്കോട്ടെ ഗോകുലത്തിന്റെ കോർപറേറ്റ് ഓഫീസിൽ ഇ ഡി കൊച്ചി യൂണിറ്റ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാൻസിലും കോഴിക്കോട് അരയിടത്തുപാലത്തെ ഗോകുലം ഗ്രാന്റ് കോർപറേറ്റ് ഓഫീസിലും അധികൃതർ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളിൽ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ‘എംപുരാൻ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു.