തിരുവനന്തപുരം: ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടീസില്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സി.എം.രവീന്ദ്രനെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാനാണ് സാധ്യത.
ഇത് നാലാം തവണയാണ് രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കുന്നത്. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം രവീന്ദ്രന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഡി ഇതിനു വഴങ്ങിയില്ല. നേരത്തെ മൂന്നു തവണ നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് രവീന്ദ്രന് ഒഴിവാകുകയായിരുന്നു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരുന്ന രവീന്ദ്രന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്.