തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. ബിനീഷിന്റെ സ്വത്തുകള്‍ മരവിപ്പിക്കാനും ഇഡി നിര്‍ദേശം നല്കി.
സ്വര്‍ണക്കടത്ത് കേസ്, ബെംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ബിനീഷിനെതിരെ കേസെടുത്തത്.
കൊച്ചിയിലെ ഇഡി ഓഫീസില്‍ ബിനീഷിനെ വിളിച്ചുവരുത്തി സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇഡി ചോദ്യം ചെയ്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചശേഷം എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടര്‍ ജയ് ഗണേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ബിനീഷിനു ബന്ധമുള്ള തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യം ഉയര്‍ന്നിരുന്നു. യുഎഇ കോണ്സലേറ്റിലെ വിസ സ്റ്റാന്പിംഗ് സേവനങ്ങള്‍ ചെയ്തിരുന്ന തിരുവനന്തപുരത്തെ യുഎഎഫ്എക്സ് കന്പനി, ബിനീഷിന്റെ പേരില്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കന്പനികള്‍ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടും ചോദ്യമുണ്ടായി.
കഴിഞ്ഞ ഒരുമാസമായി ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് അന്വേഷണം നടത്തിവരികയായിരുന്നു. കമ്പനികളുടെ മറവില്‍ ബിനാമി, ഹവാല ഇടപാടുകളിലൂടെ ബിനീഷ് സ്വര്‍ണക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബെംഗളൂരുവിലെ ബി കാപ്പിറ്റല്‍ ഫൈനാല്ഷല് സൊലൂഷ്യന്‍സ്, ബി കാപ്പിറ്റല്‍ ഫോറെക്സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്.
വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നു കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഈ കമ്പനികളുടെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത് അനധികൃത പണം ഇടപാടുകള്‍ക്കായി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
തിരുവനന്തപുരത്തെ യുഎഎഫ്എക്സ് എന്ന സ്ഥാപനത്തില്‍ ബിനീഷിനു പങ്കുണ്ടെന്ന ആരോപണവുമുണ്ട്. ഈ കമ്പനിയെ കോണ്‍സലേറ്റിനു പരിചയപ്പെടുത്തിയതു താനാണെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.
ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദും ബിനീഷും തമ്മിലുള്ള അടുത്ത ബന്ധം ഇതിനിടെ പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് സംഘം ഫണ്ട് കണ്ടെത്താന്‍ അനൂപ് ഉള്‍പ്പെട്ട മാഫിയയുടെ സഹായം തേടിയതായും വിവരം ലഭിച്ചിരുന്നു.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് വഴിയായിരുന്നു മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ടത്. ലഹരി കടത്തും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നു സ്ഥാപിച്ചുകൊണ്ടുള്ള അന്വേഷണമാണ് എന്‍ഫോഴ്സ്മെന്റ നടത്തുന്നത്.