തൊടുപുഴ: കോവിഡ് മഹാമാരി മൂലം സംസ്ഥാനത്തൊട്ടാകെ ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ ഇടമലക്കുടി ട്രൈബല്‍ എല്‍.പി സ്കൂളിന്റെ കവാടങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറക്കും. ഒന്നാം ക്ലാസില്‍ പ്രവേശിക്കുന്ന എട്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് കുടിയിലെ ഏക സ്കൂളില്‍ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്.
നിലവില്‍ ഒരു കോവിഡ് ബാധിതന്പോലും ഇല്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്താണ് ഇടമലക്കുടി. ഈ സാഹചര്യവും ഓണ്‍ലൈന്‍ ചടങ്ങിന് സാങ്കേതിക സൗകര്യങ്ങളില്ലാത്തതും പരിഗണിച്ചാണ് പ്രവേശനോത്സവം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രധാന അധ്യാപകന് വാസുദേവന്‍ പിള്ള പറഞ്ഞു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് മധുര പലഹാരവും അവരുടെ പേരെഴുതിയ കാര്‍ഡുകളും വിതരണം ചെയ്യും. കുടിയിലെതന്നെ അധ്യാപകരായ എന്‍. വ്യാസ്, ചന്ദ്രവര്ണന് എന്നിവരാണ് പ്രവേശനോത്സവത്തിനും പിന്നീടുള്ള ക്ലാസുകള്‍ക്കും നേതൃത്വം നല്‍കുക. കഴിഞ്ഞ അധ്യയന വര്‍ഷം ഇടമലക്കുടിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് പ്രയോജനം ചെയ്യാത്ത സാഹചര്യമായിരുന്നു. ഓഫ് ലൈന്‍ ക്ലാസുകളും ഇടമലക്കുടിയില്‍ ലഭിച്ചില്ല.
ഇത്തവണ ഓഫ്ലൈന് വഴി കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്കാന് ഉദ്ദേശിക്കുന്നുണ്ട്. കുടിയിലെ കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന പൊതു ഇടം കണ്ടെത്തി ക്ലാസുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ആണ്ടവന്‍കുടി കേന്ദ്രീകരിച്ചാകും പഠനം നടത്തുക. കുടിയില്പെട്ട അധ്യാപകരായതിനാല്‍ കുടിനിവാസികള്‍ക്ക് കോവിഡ് ആശങ്കയും ഉണ്ടാവില്ല. കോവിഡിനുമുമ്പ് പ്രവേശനോത്സവം ഇടമലക്കുടിയുടെ ആഘോഷങ്ങളിലൊന്നായിരുന്നു.
കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് സ്കൂളിലെത്തും. ഇവര്‍ക്കായി സദ്യയടക്കം ഒരുക്കിയിരുന്നു. ഇത്തവണയും എല്ലാ കുടികളിലും സ്കൂള്‍ പ്രവേശനോത്സവത്തിന്റെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയതുമുതല്‍ സ്വയം സമ്പര്‍ക്ക വിലക്കിലാണ് ഇടമലക്കുടിയും ഇവിടുത്തെ ജനങ്ങളും. 26 കുടികളിലായി 2000 പേരാണുള്ളത്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഇവര്‍ മൂന്നാറിലാണ് എത്തുന്നത്. ഇത് സമ്പര്ക്കത്തിനിടയാക്കുമെന്ന കാരണത്താല്‍ എല്ലാവര്‍ക്കുമായി സാധനങ്ങള്‍ വാങ്ങാന്‍ ഒന്നോ രണ്ടോ പേര് മാത്രം പോകുകയാണ് ചെയ്യുന്നത്. ഇങ്ങനെ പോകുന്നവര്‍ ആവശ്യം നിറവേറ്റി തിരികെയെത്തി നിരീക്ഷണത്തില്‍ പോകുകയാണ് പതിവ്.