റാന്നി : കുടിവെള്ളമില്ലാതെ വലഞ്ഞ് ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും. കടുത്ത വേനലില്‍ സ്കൂളിലെ കിണര്‍ വറ്റിയതോടെ വലഞ്ഞത് സ്കൂള്‍ അധികൃതരാണ്. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം പോലുമില്ലാതായതോടെ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയായി.
2000 ലിറ്റര്‍ വെള്ളത്തിന് വില 650 മുതല്‍ മുകളിലേക്കാണ്. ഇത് അധ്യാപകരുടെ കീശ കാലിയാക്കുകയാണ് ചെയ്യുന്നത്. കുടിവെള്ളമില്ലാതായതോടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്കൂളുകള്‍ക്ക് വിവിധ പദ്ധതികളുടെ പേരില്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഇതൊന്നും സ്കൂളിനോ കുട്ടികള്‍ക്കോ പ്രയോജനം ചെയ്യുന്നില്ല. മുന്‍പ് മാര്‍ച്ചിലാണ് ജലക്ഷാമം അനുഭവപ്പെടുന്നതെങ്കിലും ഇത്തവണ ജനുവരിയിലെ വേനല്‍ രൂക്ഷമായി. ഇവിടുത്തെ കുടിവെള്ള ക്ഷാമത്തിന്റെ കാര്യം ജനപ്രതിനിധികളേയും ബന്ധപ്പെട്ടവരേയും പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തില്‍ അറിയിക്കുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തെങ്കിലും യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല. സ്കൂളിന് മുന്നിലെ റോഡിലൂടെ പെരുന്തേനരുവി കുടിവെള്ള പദ്ധതിയുടെ പൈപ്പ് കണക്ഷന്‍ പോകുന്നുണ്ടെങ്കിലും ഇതിലൂടെ വെള്ളമെത്തിയിട്ട് മാസങ്ങളായി. മടത്തുംചാല്‍ മുക്കൂട്ടുതറ റോഡ് നിര്‍മ്മാണത്തിനിടെ പൈപ്പുകള്‍ തകര്‍ന്നതാണ് കാരണം.
ഇപ്പോള്‍ നാറാണംമൂഴി പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടീല്‍ മുക്കട-ഇടമണ്‍-അത്തിക്കയം റോഡില്‍ നടക്കുന്നുണ്ടെങ്കിലും ഇടമുറി ക്ഷേത്രം ജംങ്ഷന്‍ വഴി അത് പുള്ളിക്കല്ല് ഭാഗത്തേക്കാണ് പോകുന്നത്. ഹയര്‍ സെക്കന്‍ഡറി അനുവദിക്കുന്നതിന് മുമ്പ് നാറാണംമൂഴി പഞ്ചായത്ത് സ്ഥാപിച്ച മഴവെള്ള സംഭരണി മുഴുവന്‍ ചോര്‍ച്ചയായതിനാല്‍ ഇപ്പോള്‍ പ്രയോജനം ചെയ്യുന്നില്ല. അടുത്ത സമയത്ത് കിണര്‍ റീചാര്‍ജ്ജിങ്ങിനായി പദ്ധതിയുണ്ടാക്കിയിരുന്നു. അതിലേയ്ക്ക് സ്ഥാപിച്ച പൈപ്പുകള്‍ വഴി ടാങ്കില്‍ വെള്ളമെത്തില്ല. സ്കൂളില്‍ ഇപ്പോള്‍ കാര്‍ഷിക വികസന കര്‍ക്ഷക ക്ഷേമ വകുപ്പുമായി ചേര്‍ന്ന് ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. ഇതും വെള്ളം നനയ്ക്കാനില്ലാതെ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്.