ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ഇ.ഡിയുടെ ഹരജി ഡൽഹി റൗസ് അവെന്യൂ കോടതി ഇന്ന് പരിഗണിക്കും. മദ്യനയക്കേസിൽ അഞ്ച് തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതിനെ തുടർന്നാണ് ഇ ഡി കോടതിയെ സമീപിച്ചത്. അതേസമയം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കുവാൻ ശ്രമിക്കുന്നു എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.
അതെ സമയം ആം ആദ്മിയുടെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ട് വീടുകളിലും ഓഫീസുകളിലും ഇ.ഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തി. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതരുടെ വീടുകളും ഓഫീസുകളും ഉൾപ്പടെ 12 ഇടങ്ങളിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്.റെയ്ഡിനെ പറ്റിയുള്ള വിശദാംശങ്ങളൊന്നും പുറത്തു വിടാൻ ഇ.ഡി തയാറായിട്ടില്ല.