പത്തനംതിട്ട: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കഴിയുന്നത്ര സഹായിക്കുന്നതാണ് പൊതുപ്രവർത്തകരുടെ മുഖ്യകർത്തവ്യമെന്നും അതിന് എല്ലാവരും മുൻകൈ എടുക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജീവ് ഗാന്ധി ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 70 പെൺകുട്ടികൾക്ക് നൽകിയ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണത്തിന്റെ ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് ചുറ്റും നോക്കിയാൽ അവശത അനുഭവിക്കുന്നവരും രോഗികളും സാമ്പത്തികം ഇല്ലാത്തതിനാൽ കുട്ടികളെ പഠിപ്പിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുമായ നിരവധി കുടുംബങ്ങളെ കാണുവാൻ സാധിക്കും ഇവരെ കണ്ടില്ലന്ന് സമൂഹം നടിക്കരുത്. മാനവസേവയാണ് മാധവ സേവയെന്ന മഹാത്മജിയുടെ വാക്കുകൾ പൊതു പ്രവർത്തകർ എപ്പോഴും ഓർക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ:പി.ജെ.കുര്യൻ നേതൃത്വം നൽകുന്ന രാജീവ് ഗാന്ധി ഗുഡ്സിൽ ചാരിറ്റബിൾ ട്രസ്റ്റ് 10 വർഷമായി സമൂഹത്തിനു ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ വിലപ്പെട്ടതാണ്. വിദ്യാഭ്യാസ സഹായ പ്രവർത്തനങ്ങൾ ഒരു സമൂഹത്തിന്റെയും അതുവഴി ഒരു നാടിന്റെയും പുരോഗതിക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ:പി ജെ കുര്യൻ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം പി, നഗരസഭ ചെയർമാൻ അഡ്വ സക്കിർ ഹുസൈൻ, ഓർത്തഡോൿസ് സഭ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ളീമീസ് മെത്രൊപോലീത്ത, ടൗൺ ജുമാ മസ്ജിദ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി, പ്രൊഫ: സതീഷ് കൊച്ചുപറമ്പിൽ, അഡ്വ.കെ ശിവദാസൻ നായർ മാലേത്ത് സരളദേവി , അഡ്വ.വർഗീസ് മാമൻ അഡ്വ എ സുരേഷ് കുമാർ, ഈപ്പൻ കുര്യൻ, അഡ്വ കെ ജയവർമ, അഡ്വ ലാലു ജോൺ, അഡ്വ.റെജി തോമസ്, സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.